
കൊച്ചി: പ്രസവത്തെക്കുറിച്ചും ഗർഭകാലത്തെക്കുറിച്ചുമുള്ള തന്‍റെ പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടതിൽ വിശദീകരണവുമായി തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാര്‍ത്ഥിയും ബിഗ് ബോസ് ജേതാവ് അഖിൽ മാരാർ. ഗർഭാവസ്ഥയെന്നത് ഒരു രോഗമല്ലെന്നും, അത് ആസ്വദിക്കേണ്ട ഒന്നാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പ്രസവത്തെയും ഗർഭകാലത്തെയും കച്ചവടവൽക്കരിക്കുന്ന ആശുപത്രികൾക്കും മരുന്ന് കമ്പനികൾക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്.
മാതൃത്വം എന്നത് ഉദാത്തമായ ഒരു ക്രിയയാണെന്ന് അഖിൽ മാരാർ കുറിച്ചു. താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയിൽ നിന്ന് ലഭിക്കുന്ന ആത്മനിർവൃതിയാണ് ഗർഭകാലം ആസ്വദിക്കാൻ ഒരു സ്ത്രീയെ സഹായിക്കുന്നത്. എന്നാൽ ഇന്ന് പുതിയ തലമുറയിലെ പല പെൺകുട്ടികൾക്കും അമ്മയാകാൻ താല്പര്യമില്ലാത്ത അവസ്ഥയുണ്ട്. ഗർഭകാലത്തെ സൗന്ദര്യത്തെയും ജീവിതത്തെയും നശിപ്പിക്കുന്ന ഒന്നായി കാണുന്നതിനെ അദ്ദേഹം വിമർശിച്ചു. കുടുംബം എന്ന മൂല്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ താൻ മനുഷ്യഗണത്തിൽ പോലും കൂട്ടുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ഗർഭകാലത്തെ പത്തുമാസം ആശുപത്രി വാസമാക്കി മാറ്റുന്ന രീതിയെ അദ്ദേഹം കച്ചവടമെന്നാണ് വിശേഷിപ്പിച്ചത്.
പ്രസവത്തെക്കുറിച്ചുള്ള ഭയം പെൺകുട്ടികളിൽ കുത്തിവെച്ച് ആശുപത്രികളും മരുന്ന് കമ്പനികളും ലാഭം കൊയ്യുകയാണ്. കോടികൾ മുടക്കി ആശുപത്രികൾ പണിയുന്നത് ദാനം ചെയ്യാനല്ലെന്നും, ലാഭം കൊയ്യാനാണെന്നും തിരിച്ചറിയണം. പ്രതിരോധം പ്രധാനം: രോഗം വരുന്നതിനേക്കാൾ നല്ലത് അത് പ്രതിരോധിക്കുന്നതാണെന്നും മാരാർ ഓർമ്മിപ്പിച്ചു. താൻ ഒരു അമേരിക്കൻ മരുന്ന് റിസർച്ച് കമ്പനിയിൽ ജോലി ചെയ്തിരുന്ന ആളാണെന്നും ആരോഗ്യരംഗത്തെ കള്ളത്തരങ്ങൾ തനിക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭിണികൾക്ക് മാനസിക ധൈര്യം നൽകാൻ പഴയ തലമുറ പറഞ്ഞിരുന്ന ഉദാഹരണങ്ങളെ അദ്ദേഹം പിന്തുണച്ചു. പത്തു പ്രസവിച്ചിട്ടും പണിയെടുത്ത നബീസുമ്മയെക്കുറിച്ചുള്ള കഥകൾ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നസ് നോക്കിയല്ല, മറിച്ച് ഗർഭിണിക്ക് ആത്മവിശ്വാസം നൽകാനാണ്. ഇത്തരം മാനസിക കരുത്താണ് ഇന്നത്തെ പെൺകുട്ടികൾക്ക് വേണ്ടത്. തന്‍റെ അഭിമുഖത്തിലെ വരികൾ അടർത്തിയെടുത്ത് വിമർശിക്കുന്നവർക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ വിശുദ്ധ ഗ്രന്ഥങ്ങളുടെ സൃഷ്ടാക്കൾ പോലും പെട്ടുപോകും. ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിലെ കാര്യങ്ങളെ വളച്ചൊടിച്ച് കോണ്ടന്‍റ് ആക്കുന്നവർ വിവരമില്ലായ്മയാണ് പ്രകടിപ്പിക്കുന്നത്.
നല്ല പുസ്തകങ്ങൾ വായിച്ചും, ആരോഗ്യകരമായ ഭക്ഷണം കഴിച്ചും, പോസിറ്റീവ് ആയി ചിന്തിക്കുന്ന മനുഷ്യരുമായി സഹകരിച്ചും ഗർഭകാലം ആനന്ദകരമാക്കാൻ പെൺകുട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും ആശുപത്രിയിൽ പരമാവധി പോകാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ