
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ബിഗ് ബോസ് മുന്‍ വിജയിയും ചലച്ചിത്ര സംവിധായകനുമായ അഖില്‍ മാരാര്‍ ആണ്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താന്‍ അയച്ച മെസേജുകള്‍ക്ക് അവര്‍ നല്‍കിയ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് അഖില്‍ മാരാര്‍. തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മമ്മൂട്ടിയോട് വോട്ട് അഭ്യര്‍ഥിച്ചിട്ടുമുണ്ട് അഖില്‍. അതിന് മമ്മൂട്ടി നല്‍കിയ പ്രതികരണവും അഖില്‍ മാരാര്‍ പങ്കുവച്ച സ്ക്രീന്‍ഷോട്ടില്‍ കാണാം.
‘നാടിന് വേണ്ടി എന്തെങ്കിലും ചെയ്യണം. നിശബ്ദരാക്കപ്പെട്ട ജനതയുടെ നാവായി മാറണം. തെറ്റുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം. പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കണം എന്ന ആഗ്രഹമാണ് മത്സരിക്കാനുള്ള കാരണം. എന്നെ അനുഗ്രഹിക്കണം. എനിക്കൊരു വോട്ട് നല്‍കണം. ഞാന്‍ ഒപ്പം ഉണ്ടാവും’, എന്നാണ് മമ്മൂട്ടിക്ക് വാട്സ്ആപ്പില്‍ അഖില്‍ മാരാര്‍ അയച്ച മെസേജ്. ഇതിന് ‘ബെസ്റ്റ് വിഷസ്’ എന്നാണ് മമ്മൂട്ടി നല്‍കിയ മറുപടി. അതിന് അഖില്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച മാര്‍ച്ച് 16 ന് തന്നെ ഇക്കാര്യം അറിയിച്ചുകൊണ്ട് മോഹന്‍ലാലിനും അഖില്‍ വാട്സ്ആപ്പില്‍ മെസേജ് അയച്ചിട്ടുണ്ട്. ‘ലാലേട്ടാ അനുഗ്രഹിക്കണം. ജനവിധി തേടിയുള്ള മറ്റൊരു മത്സരം’, എന്നായിരുന്നു മെസേജ്. ഇതിന് ‘സ്നേഹവും പ്രാര്‍ഥനകളും’ എന്നാണ് മോഹന്‍ലാലിന്‍റെ പ്രതികരണം. ‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ. ഒരായിരം സ്നേഹം മമ്മൂക്കാ’, എന്ന കുറിപ്പോടെയാണ് ഈ വാട്സ്ആപ്പ് സ്ക്രീന്‍ഷോട്ടുകള്‍ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ട്വന്‍റി 20 യുടെ സ്ഥാനാര്‍ഥിയായി ആണ് അഖില്‍ മാരാര്‍ തൃക്കാക്കരയില്‍ നിന്ന് ജനവിധി തേടുന്നത്. ട്വന്‍റി 20 ചെയര്‍മാന്‍ സാബു എം ജേക്കബ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമിരുത്തിക്കൊണ്ടാണ് അഖില്‍ മാരാരുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് നേരത്തെ പ്രഖ്യാപിച്ചത്. പിന്നീട് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍. ഉമ തോമസ് ആണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനുവേണ്ടി പുഷ്പ ദാസും മത്സരിക്കുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ