
മുംബൈ: നല്ല സിനിമകള്‍ ചെറിയ സമയം കൊണ്ട് ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന നടന്‍ മാധവന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ അക്ഷയ് കുമാര്‍. മാധവന്റെ പരാമര്‍ശം പരോക്ഷമായി അക്ഷയ് കുമാറിനെയാണ് ഉദ്ദേശിച്ചത് എന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് അക്ഷയ് കുമാറിന്‍റെ പ്രതികരണം.
‘പുഷ്പ-ദി റൈസ്, ആര്‍.ആര്‍.ആര്‍ പോലെയുള്ള ചിത്രങ്ങള്‍ ഒരു വര്‍ഷം എടുത്താണ് ഷൂട്ടിംഗ് നടത്തിയത്. അതിനാല്‍ തന്നെ മൂന്നാല് മാസം കൊണ്ട് ചിത്രീകരിച്ച സിനിമകളെക്കാള്‍ പ്രേക്ഷകര്‍ ഈ സിനിമകള്‍ക്ക് പ്രധാന്യം നല്‍കും’ എന്നാണ് മാധവന്‍ പറഞ്ഞത്. റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലായിരുന്നു മാധവന്റെ പ്രതികരണം.
അക്ഷയ് കുമാറിനെ ഉദ്ദേശിച്ചാണ് മാധവന്‍റെ കമന്‍റ് എന്നതായിരുന്നു ഇതിനെ പലരും വിശേഷിപ്പിച്ചത്. അടുത്തിടെ ഇറങ്ങി തീയറ്ററില്‍ വന്‍ പരാജയമായ സാമ്രാട്ട് പൃഥ്വിരാജ് എന്ന അക്ഷയ് ചിത്രത്തിന്‍റെ നിര്‍മ്മാതാവും സംവിധായകനും അടക്കം അക്ഷയ് കുമാറിന്‍റെ തിരക്ക് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് മാധവന്‍റെ കമന്‍റ്. അതിനാല്‍ അക്ഷയ് കുമാറിനുള്ള വിമര്‍ശനമായി ചില ഓണ്‍ലൈനുകളില്‍ വാര്‍ത്ത വന്നു.
പുതിയ ചിത്രമായ രക്ഷാ ബന്ധന്‍ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് ഇതിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍. 'ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് ഞാന്‍ എന്ത് ചെയ്യാനാണ്. എനിക്ക് ഇപ്പോള്‍ ഇതില്‍ എന്താണ് ചെയ്യാന്‍ സാധിക്കുക. എന്റെ സിനിമ പെട്ടന്ന് ഷൂട്ട് കഴിയുന്നു. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ ഞാന്‍ ഇനി തല്ലുകൂടണോ?' എന്നായിരുന്നു മാധവന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി.
'എന്‍റെ അറിവില്ലായ്‍മ, ഞാനിത് അര്‍ഹിക്കുന്നു'; 'പഞ്ചാംഗം' ട്രോളില്‍ മാധവന്‍
അതേ സമയം തിയറ്ററുകളില്‍ വലിയ പ്രതീക്ഷയോടെയെത്തി ബോക്സ് ഓഫീസില്‍ പരാജയം നേരിട്ട സമീപകാല ബോളിവുഡ് സിനിമകളുടെ തുടര്‍ച്ചയായിരുന്നു അക്ഷയ് കുമാര്‍ നായകനായെത്തിയ സാമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം ഒടിടി റിലീസായി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ്. ജൂലൈ 1 ആണ് ചിത്രം ആമസോണില്‍ എത്തിയത്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പ്രൈമില്‍ ചിത്രം കാണാനാവും.
അതേസമയം സമീപകാല ബോളിവുഡില്‍ തിയറ്ററുകളില്‍ വലിയ പരാജയം നേരിട്ട ചിത്രം കൂടിയാണ് ഇത്. 200 കോടി ബജറ്റ് കണക്കാക്കപ്പെടുന്ന ചിത്രത്തിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 70 കോടിയില്‍ താഴെയേ വരൂ. റിലീസ് ചെയ്യപ്പെട്ട വിദേശ മാര്‍ക്കറ്റുകളിലും മോശം പ്രകടനമായിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 90 കോടിക്ക് താഴെയാണ് ചിത്രത്തിന്‍റെ കളക്ഷനെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാലത്തിന്റെ കാവ്യനീതി, 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' റിവ്യു