"അല്‍മനാക് എന്നതിനെ തമിഴില്‍ പഞ്ചാംഗം എന്ന് വിളിച്ചതിന് ഞാനിത് അര്‍ഹിക്കുന്നുണ്ട്"

ബഹിരാകാശത്തേക്ക് ഒരു റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിച്ചത് പഞ്ചാംഗമാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മാധവന്‍ (R Madhavan). താനിത് അര്‍ഹിക്കുന്നുണ്ടെന്നും തന്‍റെ അറിവില്ലായ്‍മയാണ് കാരണമെന്നും മാധവന്‍ ട്വീറ്റ് ചെയ്‍തു. 

അല്‍മനാക് എന്നതിനെ തമിഴില്‍ പഞ്ചാംഗം എന്ന് വിളിച്ചതിന് ഞാനിത് അര്‍ഹിക്കുന്നുണ്ട്. എന്‍റെ അറിവില്ലായ്മ. പക്ഷേ ചൊവ്വാ ദൌത്യത്തില്‍ നമ്മള്‍ വിജയം നേടിയത് വെറും രണ്ട് എന്‍ജിനുകള്‍ ഉപയോഗിച്ചായിരുന്നു എന്ന വസ്‍തുത ഇവിടെ ഇല്ലാതാവുന്നില്ല. അത് ഒരു റെക്കോര്‍ഡ് ആയിരുന്നു. വികാസ് എന്‍ജിന്‍ ഒരു റോക്ക്സ്റ്റാര്‍ ആയിരുന്നു, എന്നാണ് മാധവന്‍റെ ട്വീറ്റ്. മറ്റൊരു ട്വീറ്റില്‍ അല്‍മനാക് എന്ന പദത്തിന്‍റെ തമിഴ്, ഹിന്ദി പരിഭാഷ ഗൂഗിള്‍ ചെയ്യാനും മാധവന്‍ ആവശ്യപ്പെടുന്നുണ്ട്.

Scroll to load tweet…

ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന ചിത്രം സംവിധാനം ചെയ്യുന്നതും നമ്പി നാരായണന്‍റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മാധവനാണ്. ജൂലൈ ഒന്നിന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിനായുള്ള വിപുലമായ പ്രചാരണ പരിപാടികളുടെ ഭാഗമായിരുന്നു മാധവനും. അത്തരത്തില്‍ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍റെ പരാമര്‍ശം ഉണ്ടായത്. കര്‍ണ്ണാടക സംഗീതജ്ഞനും ആക്റ്റിവിസ്റ്റുമായ ടി എം കൃഷ്ണ ഇതിന്‍റെ ഇംഗ്ലീഷ് പരിഭാഷ ട്വീറ്റ് ചെയ്‍തതോടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഇത് വ്യാപക ചര്‍ച്ചയ്ക്കും മാധവന് എതിരായ ട്രോളിനും ഇടയാക്കിയത്.

ALSO READ : കസേര ഒഴിവാക്കി നിലത്തിരിക്കുന്ന മമ്മൂട്ടി; 'അമ്മ' ഗ്രൂപ്പ് ഫോട്ടോ ഷൂട്ട് വീഡിയോ

ഇന്ത്യൻ റോക്കറ്റുകൾക്ക് മൂന്ന് എഞ്ചിനുകൾ (ഖര, ദ്രാവകം, ക്രയോജനിക്) ഉണ്ടായിരുന്നില്ല. പാശ്ചാത്യ രാജ്യങ്ങളുടെ റോക്കറ്റുകളെ ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് നയിക്കാൻ സഹായിച്ചത് അതായിരുന്നു. ഇന്ത്യ ഈ കുറവ് നികത്തിയത്, 'പഞ്ചാംഗ'ത്തിലെ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് എന്നായിരുന്നു മാധവൻ പറഞ്ഞത്. വിവിധ ഗ്രഹങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും, അവയുടെ ഗുരുത്വാകർഷണം, സൂര്യന്റെ ജ്വലനം, വ്യതിചലനം മുതലായവയടക്കം 1000 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി കണക്കാക്കിയ ഭൂപടം ഇതിലുണ്ട്, അതിനാൽ ഈ പഞ്ചാംഗ വിവരം ഉപയോഗിച്ചാണ് വിക്ഷേപണത്തിന്റെ മൈക്രോ സെക്കൻഡ് കണക്കാക്കിയതെന്നും മാധവൻ പറഞ്ഞിരുന്നു.