
ഇംഫാല്‍: കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവം രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ്. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.
സംഭവത്തില്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധം ഉയരുമ്പോള്‍ സംഭവത്തെ അപലപിച്ച് ബോളിവുഡ് താരം അക്ഷയ് കുമാറും രംഗത്ത് എത്തി. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, വെറുപ്പുണ്ടാക്കുന്ന ദൃശ്യങ്ങളാണ് അവ. കുറ്റവാളികൾക്ക് ഇത്തരം കുറ്റം ചെയ്യാന്‍ പോലും ആരും ആലോചിക്കാത്ത രീതിയില്‍ കഠിനമായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" - അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
അതേ സമയം സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ മാസങ്ങൾക്ക് ശേഷമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ നടുക്കം രേഖപ്പെടുത്തി നിരവധി പേർ രംഗത്ത് വരികയും ചെയ്തു. സംഭവത്തിൽ നേരത്തെ തന്നെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തിരുന്നെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
നഗ്നരാക്കി നടത്തിക്കൊണ്ട് വന്ന സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്‍തെയ് വിഭാഗക്കാരാണ് കുറ്റക്കാരെന്ന് ആരോപിച്ച് രംഗത്ത് വന്ന ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അക്രമികള്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചിരുന്നു.
സ്ത്രീകൾ ആക്രമണത്തിന് ഇരകളാക്കപ്പെടുന്നതിന് മുൻപ് ഇവിടെ കുക്കി - മെയ്തെയ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ കാങ്‍കോപിയിലാണ് സംഭവം നടന്നതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം പറഞ്ഞു. എന്നാല്‍ സംഭവം നടന്നത് മറ്റൊരു ജില്ലയിലാണെന്നും കാങ്‍കോപിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതാണെന്നും മണിപ്പൂര്‍ പൊലീസ് പറയുന്നു.
തക്കാളിവില വര്‍ദ്ധനവ് സംബന്ധിച്ച് പറഞ്ഞത് പുലിവാലായി; മാപ്പ് പറഞ്ഞ് സുനില്‍ ഷെട്ടി
ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി കേരളം | Asianet News Live