
ബോളിവുഡില്‍ ഏറ്റവുമധികം 200 കോടി ക്ലബ്ബ് വിജയങ്ങള്‍ നേടിയിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ കൊവിഡ് അനത്തരം ബോളിവുഡ് അടിപ്പെട്ട തകര്‍ച്ചയില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ക്കും രക്ഷയുണ്ടായില്ല. കൊവിഡിനു ശേഷമെത്തിയ അക്ഷയ് കുമാറിന്‍റെ നിരവധി ചിത്രങ്ങളില്‍ ഒരേയൊരെണ്ണം മാത്രമാണ് തിയറ്ററുകളില്‍ വിജയം കണ്ടത്. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ശി ആയിരുന്നു അത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ അക്ഷയ് കുമാര്‍ ചിത്രങ്ങളും മികച്ച അഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടു. ഇപ്പോഴിതാ അക്ഷയ് കുമാറിന്‍റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഭഗവാന്‍ ശിവനെ അനുസ്‍മരിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്കില്‍ അക്ഷയ് കുമാര്‍. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ ചിലരും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. തിയറ്ററുകളിലെ തുടര്‍പരാജയങ്ങളെത്തുടര്‍ന്നാണ് പുതിയ ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങിയത് എന്ന ചോദ്യം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്.
യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി- ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. പക്ഷേ പ്രമേയത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ