ഒറ്റ കഥാപാത്രം മാത്രമുള്ള ചിത്രമാണ് 'ഒത്ത സെരുപ്പ് സൈസ് 7'
നടന്‍ എന്നതിനൊപ്പം സംവിധായകനായും പ്രതിഭ തെളിയിച്ച ആളാണ് തമിഴ് താരം രാധാകൃഷ്ണന്‍ പാര്‍ഥിപന്‍. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ പലകുറി നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ ആഗ്രഹിച്ചിരുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് പാര്‍ഥിപന്‍.
പാര്‍ഥിപന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടിയ ഒന്നായിരുന്നു ഒത്ത സെരുപ്പ് സൈസ് 7. തിരക്കഥയും സംവിധാനവും നിര്‍മ്മാണവും അഭിനയവുമൊക്കെ അദ്ദേഹം തന്നെ നിര്‍വ്വഹിച്ച ചിത്രം. പാര്‍ഥിപന്‍ അവതരിപ്പിച്ച മാസിലാമണി എന്ന കഥാപാത്രം മാത്രമാണ് ചിത്രത്തില്‍ ഉണ്ടായിരുന്നത്. ഈ ചിത്രം മലയാളത്തില്‍ റീമേക്ക് ചെയ്യാനാണ് താന്‍ ആഗ്രഹിച്ചതെന്നും അതില്‍ മോഹന്‍ലാല്‍ അഭിനയിക്കണമെന്നായിരുന്നു തനിക്കെന്നും പാര്‍ഥിപന്‍ പറയുന്നു. എലോണ്‍ ഇനിയും കണ്ടിട്ടില്ല. ഒത്ത സെരുപ്പ് സൈസ് 7 ലാല്‍ സാറിനെവച്ച് മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. പക്ഷേ നടന്നില്ല. എന്ത് നടന്നോ അത് നന്നായി നടന്നു, പാര്‍ഥിപന്‍ ട്വീറ്റ് ചെയ്തു.
പേര് സൂടിപ്പിക്കുംപോലെ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം മാത്രമാണ് എലോണില്‍ ഉള്ളത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ഒടിടി റിലീസിനു പിന്നാലെ ഇതിനെ ഒത്ത സെരുപ്പുമായി താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അതേത്തുടര്‍ന്നാണ് പാര്‍ഥിപന്‍റെ ട്വീറ്റ്. ആശിര്‍വാദ് സിനിമാസിന്‍റെ 30-ാം ചിത്രമായിരുന്നു എലോണ്‍. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്‍റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രവുമാണ് ഇത്. മുന്‍പ് ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കിയത്.
