അക്ഷയ് കുമാര്‍ ചിത്രം 'ബെല്‍ബോട്ടം' റിലീസ് ദിനത്തില്‍ ചോര്‍ന്നു; വ്യാജപതിപ്പ് എച്ച് ഡി നിലവാരത്തില്‍

By Web TeamFirst Published Aug 19, 2021, 10:55 PM IST
Highlights

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ നിന്നെത്തുന്ന ആദ്യ സൂപ്പര്‍താരചിത്രം

അക്ഷയ് കുമാര്‍ നായകനായെത്തിയ ബോളിവുഡ് ചിത്രം 'ബെല്‍ബോട്ട'ത്തിന്‍റെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍. റിലീസ് ദിനത്തില്‍ തന്നെയാണ് ചിത്രത്തിന്‍റെ എച്ച്‍ഡി നിലവാരമുള്ള പ്രിന്‍റുകള്‍ പല പൈറേറ്റഡ് സൈറ്റുകളിലും എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ തിയറ്ററുകള്‍ അടഞ്ഞുകിടന്നിട്ടും തിയറ്റര്‍ റിലീസില്‍ നിന്ന് പിന്തിരിയാതിരുന്ന നിര്‍മ്മാതാക്കള്‍ക്ക് പുതിയ വെല്ലുവിളി ആയിരിക്കുകയാണ് വ്യാജപതിപ്പിന്‍റെ പ്രചരണം.

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന സംസ്ഥാനങ്ങള്‍ മുന്നില്‍ക്കണ്ട് ബോളിവുഡില്‍ നിന്നെത്തുന്ന ആദ്യ സൂപ്പര്‍താരചിത്രമാണ് ബെല്‍ബോട്ടം. അതിനാല്‍ത്തന്നെ വലിയ ആകാംക്ഷയിലായിരുന്നു സിനിമാവ്യവസായം. ആദ്യദിനത്തില്‍ ഭേദപ്പെട്ട അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം. 

 

അതേസമയം പ്രതിസന്ധി ഘട്ടത്തിലെ തിയറ്റര്‍ റിലീസിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് അക്ഷയ് കുമാര്‍ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഈ സമയത്ത് ചിത്രം 30 കോടി നേടിയാല്‍പ്പോലും അത് 100 കോടിക്ക് സമമാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്- "ബോളിവുഡ് ചിത്രങ്ങളുടെ അഖിലേന്ത്യാ കളക്ഷന്‍റെ 30 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. അപ്പോള്‍ ബാക്കി 70 ശതമാനം മാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ തന്നെ തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. അതായത് വീണ്ടും 35 ശതമാനമായി കാണികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പക്ഷേ ആ 35ല്‍ 5-8 ശതമാനം മാത്രം കളക്ഷനായിരിക്കും ലഭിക്കുക. കാരണം ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല എന്നതുതന്നെ. ആയതിനാല്‍ ഇപ്പോള്‍ 30 കോടി നേടിയാല്‍ 100 കോടി പോലെയും 50 കോടി നേടിയാല്‍ 150 കോടി പോലെയുമാണ്", അക്ഷയ് കുമാര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!