
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിനെത്തുടര്‍ന്ന് മീ ടൂ അടക്കമുള്ള വെളിപ്പെടുത്തലുകളും വലിയ ചര്‍ച്ചകളുമാണ് കഴിഞ്ഞ ഒരാഴ്ചയ്ക്ക് മേലെയായി നടക്കുന്നത്. പുതിയ സാഹചര്യത്തില്‍ നിരവധി സിനിമാപ്രവര്‍ത്തകരാണ് തങ്ങള്‍ നേരിട്ട മോശം അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ അലക്സാണ്ടര്‍ പ്രശാന്തിന്‍റെ ഒരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. പരാതി പരിഹാരത്തിന് ബോളിവുഡില്‍ വന്നിട്ടുള്ള സംവിധാനത്തെക്കുറിച്ച് താന്‍ അഭിനയിച്ച ഹിന്ദി സിനിമയുടെ സെറ്റിലെ അനുഭവം പങ്കുവച്ചുകൊണ്ട് വിശദീകരിക്കുകയാണ് അദ്ദേഹം. 2019 ല്‍ എത്തിയ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിലാണ് പ്രശാന്ത് അഭിനയിച്ചത്. എബിസി സിനി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അലക്സാണ്ടര്‍ പ്രശാന്ത് ഇക്കാര്യങ്ങള്‍ പറയുന്നത്.
"മീ ടൂ ക്യാമ്പെയ്നുകള്‍ വന്ന സമയത്ത് എല്ലാവരും ഒന്ന് ഭയന്നു. വെറുതെ ഒരു തമാശ പോലും പറയാന്‍ പറ്റാത്ത അവസ്ഥയായി. ഞാന്‍ ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ഹിന്ദി സിനിമയില്‍ അഭിനയിക്കുമ്പോള്‍ അര്‍ജുന്‍ കപൂറും ഞാനുള്‍പ്പെടെ നാല് പേര്‍ അടക്കം ആകെ അഞ്ച് നടന്മാരാണ്. ഞങ്ങള്‍ 30 ദിവസം നേപ്പാളില്‍ ഷൂട്ട് ചെയ്തു. 10 ദിവസം പറ്റ്നയിലും. പത്ത് ദിവസത്തെ ഷെഡ്യൂളിന്‍റെ അവസാന ദിവസമാണ് ഞങ്ങളുടെയൊക്കെ ഭാര്യമാരെ അവതരിപ്പിക്കുന്ന നടിമാര്‍ വന്നത്. 40 ദിവസത്തോളം സ്ത്രീകള്‍ സഹ അഭിനേതാക്കളായി ഇല്ലാത്ത ഒരു സ്ഥലത്തേക്ക് അവസാന ദിവസമാണ് ഞങ്ങളുടെ ഭാര്യമാരുടെ കഥാപാത്രങ്ങള്‍ ചെയ്യുന്ന നടിമാര്‍ വരുന്നത്. അതില്‍ എന്‍റെ ഭാര്യയുടെ കഥാപാത്രം ചെയ്യുന്നത് മലയാളി തന്നെയാണ്. പുളളിക്കാരിയെ ഞാന്‍ പരിചയപ്പെട്ടു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ സീനിയര്‍ ആയിട്ടുള്ള ഒരു നടന്‍ ചില ഡയലോഗുകള്‍ പറഞ്ഞു."
"എന്‍റെ കഥാപാത്രത്തിന്‍റെ പേര് രുദ്ര പിള്ള എന്നാണ്. എന്താണ് പിള്ളേ, ഭാര്യ വന്നല്ലോ. എന്താണ് ഇന്നത്തെ പരിപാടി, സിനിമയ്ക്ക് പോകുന്നുണ്ടോ അതോ ഡിന്നര്‍ കഴിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു. ക്യാരക്റ്റര്‍ വച്ചിട്ട് ഒരു തമാശ പറഞ്ഞതാണ് അയാള്‍. ഒരു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ എന്നെ വിളിപ്പിച്ചു. ആ നടന്‍ ഏത് രീതിയിലാണ് ഈ നടിയോട് മോശമായി പെരുമാറിയത്? കാസ്റ്റിംഗ് ഏജന്‍സിയില്‍ പരാതി പോയിട്ട് അവിടെനിന്ന് നിര്‍മ്മാതാക്കളായ ഫോക്സ് സ്റ്റാറിലേക്ക് അത് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്. അവിടെനിന്ന് സംവിധായകന് പരാതി വന്നിട്ടുണ്ട്. ഇത് പരിഹരിച്ചിട്ട് ബാക്കി ഷൂട്ട് ചെയ്താല്‍ മതി എന്ന് പറഞ്ഞു."
"നിരുപദ്രവകരമായി പറഞ്ഞുപോയ ഒരു തമാശയാണെന്ന് വേണമെങ്കില്‍ അയാള്‍ക്ക് പറയാം. ഇതിനെയൊക്കെ ഇത്ര സീരിയസ് ആയിട്ട് എടുക്കണോ എന്ന് വേണമെങ്കില്‍ നമുക്ക് ആ പെണ്‍കുട്ടിയോട് ചോദിക്കാം. ആ സെറ്റിലേക്ക് മലയാളിയായ മറ്റൊരാള്‍ ആദ്യമായിട്ടായിരുന്നു വന്നത്. അതിനാല്‍ത്തന്നെ ഞാന്‍ അവരോട് കാര്യമായി സംസാരിക്കുന്നത് കണ്ടാണ് ഇങ്ങനെ ആ നടന്‍ പറഞ്ഞത്. പിള്ളേ ഹാപ്പി ആയല്ലോ എന്ന അര്‍ഥത്തില്‍ കൂടിയാണ് അത് പറഞ്ഞത്."
"തമാശയ്ക്ക് പറഞ്ഞതല്ലേയെന്ന് ഞാന്‍ നടിയോട് ചോദിച്ചു. ഇവിടെ ഞാന്‍ പരാതിപ്പെട്ടില്ലെങ്കില്‍ അടുത്തത് അതിന്‍റെ അപ്പുറത്തെ ഡയലോഗ് അയാള്‍ പറഞ്ഞാല്‍ എന്ത് ചെയ്യും എന്നായിരുന്നു അവരുടെ പ്രതികരണം. തനിക്ക് മുന്‍പ് അത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പറഞ്ഞു. 15-20 മിനിറ്റിനുള്ളില്‍ ചോദ്യം ചെയ്യാന്‍ ഒരു സംവിധാനം അവിടെ ഉണ്ടായി എന്നുള്ളതാണ്. മുംബൈയില്‍ കാസ്റ്റിംഗ് ഏജന്‍സികളാണ് കാസ്റ്റിംഗ് പൂര്‍ണ്ണമായും നിര്‍വ്വഹിക്കുന്നത്. അവിടെ ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറി എന്നുള്ള പരാതി വന്നതിനെത്തുടര്‍ന്ന് അയാളുടെ ലൈസന്‍സ് കട്ട് ആയി. ഇനി അയാള്‍ക്ക് ഇന്ത്യയില്‍ ഒരിടത്തും സിനിമ ചെയ്യാന്‍ പറ്റില്ല."
"നമ്മുടെ സിനിമയില്‍ പല മേഖലകളിലും ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പ്രൊഫഷണലിസമില്ലായ്മ ഉണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ആ പ്രൊഫഷണലിസത്തിലേക്ക് നമ്മള്‍ എത്തണം. പക്ഷേ എന്‍റെ അനുഭവം വച്ച് നോക്കിയാല്‍ നമ്മള്‍ അതിന് അടുത്തെത്തിയിട്ടുണ്ട്. നമ്മുടെ ചിന്താഗതികളില്‍ മാറ്റം വന്നിട്ടുണ്ട്. സ്ത്രീകളെ അംഗീകരിക്കുന്ന കാര്യത്തില്‍, നായക കഥാപാത്രങ്ങളുടെ ഹീറോയിസം കാണിക്കുന്നതിലൊക്കെ വ്യത്യാസം വന്നിട്ടുണ്ട്. കാല് മടക്കി തൊഴിക്കാനും എന്ന നരസിംഹത്തിലെ ഡയലോഗ് ഇന്ന് പറയാന്‍ പറ്റില്ല. പോയി പണി നോക്കെടാ എന്ന് പറഞ്ഞ് പോകുന്ന നായികയാണ് ഇന്ന് കൈയടി വാങ്ങുന്നത്", അലക്സാണ്ടര്‍ പ്രശാന്ത് പറയുന്നു.
ALSO READ : നാട്യങ്ങളില്ലാത്ത ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍; 'ഭരതനാട്യം' റിവ്യൂ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ