
1921ലെ മലബാര്‍ പശ്ചാത്തലമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് പ്രഖ്യാപിച്ച് അലി അക്ബര്‍. '1921 പുഴ മുതല്‍ പുഴ വരെ' എന്നാണ് സിനിമയുടെ പേര്. പേരിന്‍റെ രജിസ്ട്രേഷന്‍ കഴിഞ്ഞുവെന്നും സംവിധായകന്‍ അറിയിച്ചു. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നും അലി അക്ബര്‍ പറയുന്നു.
പ്രോജക്ട് പ്രഖ്യാപിച്ചതിനു പിന്നാലെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ട്രോളുകള്‍ സംരംഭം കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇടയാക്കിയെന്നും ഫേസ്ബുക്ക് ലൈവിലൂടെ സംവിധായകന്‍ പറഞ്ഞു. "ആയിരക്കണക്കിന് ട്രോളുകള്‍ എനിക്കെതിരെ ഇറങ്ങി. ആ ട്രോളുകള്‍ ആയിരിക്കണം 'മമധര്‍മ്മ'യെ ലോകത്ത് എല്ലായിടത്തും എത്തിച്ചത്. ട്രോളുകള്‍ ഇല്ലെങ്കില്‍ മമധര്‍മ്മയെക്കുറിച്ച് ആളുകള്‍ ഇത്തരത്തില്‍ അറിയുമായിരുന്നില്ല. കൊറോണയുടെ സാഹചര്യം ഇല്ലായിരുന്നുവെങ്കില്‍ സിനിമ ഇതിനകം ചിത്രീകരണം ആരംഭിച്ചേനെ. ഫെബ്രുവരി 20, അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം ഷൂട്ടിംഗിലേക്ക് കടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ കോസ്റ്റ്യൂമിന്‍റെ കാര്യങ്ങളിലേക്ക് കടക്കുകയാണ്. രണ്ട് പാട്ടുകളുടെ റെക്കോര്‍ഡിംഗും മിക്സിംഗും ഇതിനകം കഴിഞ്ഞിട്ടുണ്ട്", അലി അക്ബര്‍ പറഞ്ഞു.
ചിത്രത്തിനുവേണ്ടി ഒരുങ്ങുന്ന 900 ചതുരശ്രയടിയുടെ ഷൂട്ടിംഗ് ഫ്ലോറിനെക്കുറിച്ചുള്ള അലി അക്ബറിന്‍റെ പോസ്റ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ സാങ്കേതികവിദ്യയൊന്നും വികസിക്കാത്ത ഒരു കാലത്തെക്കുറിച്ചുള്ള സിനിമ ചെയ്യാന്‍ ആ വലുപ്പത്തിലുള്ള ഫ്ളോര്‍ മതിയെന്നും അലി അക്ബര്‍ പറയുന്നു. 1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്. മറ്റ് മൂന്നു സിനിമകളും വാരിയംകുന്നന്‍റെ നായകത്വത്തെ വാഴ്ത്തുന്ന സിനിമകളാണെങ്കില്‍ അലി അക്ബറിന്‍റെ സിനിമ അദ്ദേഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. ജൂണ്‍ അവസാനമാണ് ഈ നാല് സിനിമകളും പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികമായ അടുത്ത വര്‍ഷമാണ് തങ്ങളുടെ ചിത്രം ആരംഭിക്കുകയെന്ന് ആഷിക് അബു പ്രഖ്യാപന സമയത്തേ അറിയിച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ