
ഒരു വിഷയത്തെയോ കഥാപാത്രത്തെയോ മുന്‍നിര്‍ത്തി നാല് സിനിമകള്‍ ഒരുമിച്ച് പ്രഖ്യാപിച്ചതിന് മലയാളസിനിമ സാക്ഷ്യം വഹിച്ചത് ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ചരിത്രപുരുഷന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ മറ്റു മൂന്ന് സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടത്. പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര, അലി അക്ബര്‍ എന്നിവരാണ് ഈ സിനിമകള്‍ പ്രഖ്യാപിച്ചത്. ഇതില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗഡ് ഫണ്ടിംഗ് വഴിയാവും നിര്‍മ്മിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞിരുന്നു. പിന്നാലെ സംഭാവന സ്വീകരിക്കുന്ന അക്കൗണ്ട് വിവരങ്ങളും സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. രണ്ട് ദിവസത്തിനകം ഈ അക്കൗണ്ടിലേക്കു ലഭിച്ച തുക എത്രയെന്നും അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
രണ്ട് ദിവസം കൊണ്ട് 16.30 ലക്ഷത്തോളം രൂപയാണ് തനിക്കു ലഭിച്ചതെന്ന് അലി അക്ബര്‍ പറയുന്നു. ഇരുപത്തഞ്ചും അന്‍പതും രൂപയില്‍ തുടങ്ങി അന്‍പതിനായിരം വരെ നല്‍കിയവരുണ്ടെന്നും ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറയുന്നു. "50,000 രൂപ തന്നവര്‍ക്കു നന്ദി പറഞ്ഞാല്‍ 25 രൂപ തന്നവര്‍ക്കും നന്ദി പറയേണ്ടേ. ഓരോരുത്തരോടും നേരിട്ടു നന്ദി പറയാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. അതിനാല്‍ എല്ലാവരോടും ഒരുമിച്ച് നന്ദി പറയുന്നു. 50,000 തന്നിട്ട് അടുത്ത 50,000 അടുത്ത മാസം അയക്കും, ഷൂട്ടിംഗിന്‍റെ സമയത്ത് വീണ്ടും ഒരു ലക്ഷം അയക്കും എന്നൊക്കെ പറയുന്നവര്‍ പോലുമുണ്ട്. കൊവിഡിന്‍റെ കാലത്ത് പലര്‍ക്കും ജോലിയോ വരുമാനമോ ഇല്ല. എന്നിട്ടും രണ്ടുദിവസംകൊണ്ട് 16 ലക്ഷത്തിലധികം രൂപ വന്നു എന്നു പറഞ്ഞാല്‍ മഹാത്ഭുതമാണ്", അലി അക്ബര്‍ പറയുന്നു. കുടുംബത്തെക്കുറിച്ച് മോശം പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ക്രൗഡ് ഫണ്ടിംഗിനെക്കുറിച്ച് വിശദീകരിച്ചു നടത്തിയ ഫേസ്ബുക്ക് ലൈവിനിടെ ചിത്രത്തില്‍ അഭിനേതാക്കളെ തേടുന്നതിനെക്കുറിച്ചും അലി അക്ബര്‍ പറഞ്ഞിരുന്നു.