
മുംബൈ: ഇന്ധന വില തുടര്‍ച്ചയായി വര്‍ധിച്ചിട്ടും മൌനം തുടരുന്നതില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനെ രൂക്ഷമായി വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി. എന്‍സിപി നേതാവും ഭവനമന്ത്രിയുമായ ജിതേന്ദ്ര ആഹ്വാദാണ് അമിതാഭ് ബച്ചനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
2012ല്‍ ഇന്ധന വില വര്‍ധിച്ച സമയത്ത് രൂക്ഷമായി പ്രതികരിച്ച അമിതാഭ് ബച്ചന്‍ ഇപ്പോള്‍ നിശബ്ദനായിരിക്കുന്നത് എന്താണെന്ന് ജിതേന്ദ്ര ചോദിക്കുന്നു. ഇന്ധനം നിറയ്ക്കുന്നില്ലേ അതോ ബില്ല് ശ്രദ്ധിക്കുന്നില്ലേയെന്ന് ജിതേന്ദ്ര ട്വീറ്റ് ചെയ്യുന്നു. പക്ഷപാതം കാണിക്കാതെ പ്രതികരിക്കേണ്ട സമയമാണ് ഇത്. ഡീസല്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. മുബൈ വാസികള്‍ കാര്‍ ഓടിക്കണോ അതോ കാര്‍ കത്തിക്കണോയെന്ന് ജിതേന്ദ്ര അമിതാഭ് ബച്ചനോട് ചോദിക്കുന്നു. കുറച്ച് പെട്രോള്‍ വാങ്ങി കാറിന് മുകളിലൊഴിച്ച കത്തിച്ച് കളയാനായിരുന്നു 2012ല്‍ അമിതാഭ് ബച്ചന്‍ ഇന്ധന വിലയേക്കുറിച്ച് പ്രതികരിച്ചത്.
2011ലെ സ്മൃതി ഇറാനിയുടെ ഇന്ധന വില സംബന്ധിച്ച പ്രതികരണത്തേക്കുറിച്ചും ജിതേന്ദ്ര ചോദ്യം ചെയ്യുന്നുണ്ട്. കുറച്ച് വര്‍ഷം മുന്‍പ് ചെയ്ത ട്വീറ്റിനേക്കുറിച്ച് മറക്കാന്‍ താങ്കള്‍ക്ക് മറവി രോഗം ബാധിച്ചിട്ടില്ലെന്നാണ് കരുതുന്നതെന്നാണ് ജിതേന്ദ്ര സ്മൃതി ഇറാനിയെ പരിഹസിക്കുന്നത്.
ഇന്ന് തുടര്‍ച്ചയായ ഇരുപത്തൊന്നാം ദിവസമാണ് കേരളത്തില്‍ ഇന്ധനവില കൂടിയത്. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 20 പൈസയുമാണ് കൂട്ടിയത്. 21 ദിവസം കൊണ്ട് ഡീസലിന് 10. 45 രൂപയും പെട്രോളിന് 9.17രൂപയുമാണ് കൂടിയത്.
ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.
കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.