
കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ പുഷ്പ 2 ന് ശേഷം അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആറ്റ്ലിയാണ്. ബിഗ് കാന്‍വാസില്‍ വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ ആരംഭിച്ചിരുന്നു. മുംബൈയില്‍ ഈ മാസം 12 നായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. ഇപ്പോഴിതാ ഈ ഷെഡ്യൂളിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.
മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂള്‍ ആണ് ഇത് എന്നതാണ് അതില്‍ പ്രധാനം. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഔട്ട്ഡോര്‍ ഷെഡ്യൂളാണ് ഇത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഷെഡ്യൂള്‍ പ്രത്യേകമായി നിര്‍മ്മിക്കപ്പെട്ട വമ്പന്‍ സെറ്റിലാണ് ചിത്രീകരിക്കുന്നത്. സിനിമയിലെ പ്രധാന രംഗങ്ങളൊക്കെയും ചിത്രീകരിക്കാന്‍ പാകത്തിലുള്ള ഒരു സെറ്റ് തനിക്ക് ഒരുക്കിത്തരണമെന്നാണ് ആറ്റ്ലി തന്‍റെ പ്രൊഡക്ഷന്‍ ഡിസൈന്‍ ടീമിനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂ മാറ്റില്‍ തയ്യാറാക്കപ്പെട്ട, അത്യാധുനിക ക്യാമറകളോട് കൂടിയ സെറ്റ് ആണ് ഇത്. എഐ ഉപയോഗിച്ച് പോസ്റ്റ് പ്രൊഡക്ഷനില്‍ രംഗങ്ങളെ കൂടുതല്‍ നിലവാരത്തില്‍ എത്തിക്കാന്‍ സാധിക്കുന്ന സെറ്റുമാണ് ഇത്.
അല്ലു അര്‍ജുന്‍റെ കരിയറിലെ 22-ാമത്തേതും ആറ്റ്ലിയുടെ കരിയറിലെ ആറാമത്തേതുമായ സിനിമയാണ് ഇത്. ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ചെലവഴിക്കുന്നത്.
കരിയറിലെ ആറാം ചിത്രത്തിന് ആറ്റ്ലി ഈടാക്കുന്ന പ്രതിഫലം 100 കോടിയാണ്. 175 കോടിയോളമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അര്‍ജുന് പ്രതിഫലമായി ലഭിക്കുക. ഒപ്പം ലാഭത്തിന്‍റെ 15 ശതമാനം വിഹിതവും അല്ലുവിന് ലഭിക്കും. ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്ന രീതിയിലാണ് ആറ്റ്ലി ഈ ചിത്രം ഡിസൈന്‍ ചെയ്യുന്നത് എന്നാണ് അറിയുന്നത്. ഹോളിവുഡിനെ പ്രമുഖ സ്റ്റുഡിയോകളാണ് ചിത്രത്തിന്‍റെ വിഎഫ്എക്സ് നിര്‍വ്വഹിക്കുന്നത്.