'കുശുമ്പും, പുച്ഛവും, തേപ്പും', 'ഗോള്‍ഡി'ന്റെ നെഗറ്റീവ് റിവ്യുവില്‍ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ

By Web TeamFirst Published Dec 5, 2022, 2:44 PM IST
Highlights

'ഗോള്‍ഡി'നെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അല്‍ഫോണ്‍സ് പുത്രൻ.

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ തിയറ്ററുകളിലത്തിയ ചിത്രമാണ് 'ഗോള്‍ഡ്'.  ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് പുത്രൻ ചിത്രം വരുന്നൂവെന്നതിനാല്‍ റിലീസിന് മുന്നേ ഗോള്‍ഡില്‍ വലിയ പ്രതീക്ഷകളായിരുന്നു. എന്നാല്‍ 'ഗോള്‍ഡി'ന് തിയറ്ററില്‍ പ്രതീക്ഷിച്ചതുപോലുള്ള പ്രതികരണങ്ങള്‍ ലഭിച്ചില്ല. 'ഗോള്‍ഡി'നെ കുറിച്ചുള്ള അഭിപ്രായങ്ങളില്‍ പ്രതികരണങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രൻ.

അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്- 'ഗോൾഡി'നെ കുറിച്ചുള്ള  നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ. എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതുന്നവർക്ക്. ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം. കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ? മധുരം കൂടി, മധുരം കുറഞ്ഞു എന്ന് പറഞ്ഞാൽ ചായ ഇണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഇണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞാ നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. 'നേരം 2' , 'പ്രേമം 2' എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്. 'ഗോൾഡ്' എന്നാണ്. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ ചെയ്‍തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്. 'ഗോൾഡ്' അങ്ങനെ എടുക്കാമായിരുന്നു...ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം ഞാനും 'ഗോൾഡ്' എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ 'ഗോൾഡ്' ചെയ്‍തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ.

അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

'പാട്ട്' എന്നൊരു ചിത്രം അൽഫോൺസ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നില്ല.

Read More: 'വിലായത്ത് ബുദ്ധ'യിലെ ജീപ്പിന് നേരെ കാട്ടാന ആക്രമണം, ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

tags
click me!