'കഥ പറഞ്ഞു, മമ്മൂക്ക സമ്മതിച്ചു'; കാത്തിരിപ്പിലെന്ന് അല്‍ഫോന്‍സ് പുത്രന്‍

By Web TeamFirst Published Feb 7, 2021, 12:37 PM IST
Highlights

ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം. അഞ്ച് വര്‍ഷത്തിനുശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്

മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഫേസ്ബുക്കില്‍ ഒരു സിനിമാപ്രേമിയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഒരു മമ്മൂട്ടി ചിത്രത്തിനായുള്ള തന്‍റെ തയ്യാറെടുപ്പിനെക്കുറിച്ച് അല്‍ഫോന്‍സ് വ്യക്തമാക്കിയത്. താരസംഘടന 'അമ്മ'യുടെ കൊച്ചിയിലെ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മമ്മൂട്ടി തന്നെ പങ്കുവച്ച തന്‍റെ ചിത്രം അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു താഴെയാണ് ഒരു സിനിമാപ്രേമി തന്‍റെ ആഗ്രഹം പ്രകടിപ്പിച്ച് എത്തിയത്.

'പുത്രേട്ടാ, ഈ ചുള്ളനെ വച്ചൊരു പടം പിടിച്ചൂടെ' എന്നായിരുന്നു ആരാധകന്‍റെ ചോദ്യം. വൈകാതെതന്നെ ചോദ്യത്തിന് മറുപടിയുമായി അല്‍ഫോന്‍സ് എത്തി. "ഒരു കഥ പറഞ്ഞുവച്ചിട്ടുണ്ട്. മമ്മൂക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ.. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാൽ നല്ല ഒരു സിനിമ ഞാൻ ചെയ്യാൻ നോക്കാം"- അല്‍ഫോന്‍സിന്‍റെ മറുപടി. സിനിമാപ്രേമികളില്‍, വിശേഷിച്ച് മമ്മൂട്ടി, അല്‍ഫോന്‍സ് പുത്രന്‍ ആരാധകരില്‍ ആവേശമുണ്ടാക്കിയ ഈ കമന്‍റ് ഫാന്‍ ഗ്രൂപ്പുകളിലും വൈറല്‍ ആയിട്ടുണ്ട്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാമോ എന്ന ചോദ്യത്തിനും അല്‍ഫോന്‍സ് മറുപടി നല്‍കിയിട്ടുണ്ട്. അത്തരമൊരു പ്രോജക്ട് തന്നെപ്പോലെ ഒരു സംവിധായകന് മുന്നില്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ചാണ് അല്‍ഫോന്‍സ് പറഞ്ഞത്.

 

'അവരെവച്ച് ഒരു സിനിമ എടുക്കണമെങ്കില്‍ അത് മിനിമം ഹരികൃഷ്ണന്‍സിനെക്കാളും ട്വന്‍റി 20യേക്കാളും വലിയ സിനിമ ആയിരിക്കണം. അതിനു തിരക്കഥ എഴുതുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പിന്നെ എനിക്ക് അതിനുള്ള പക്വത ആയോ എന്ന് സംശയമുണ്ട്", എന്നാണ് ഈ ചോദ്യത്തിനുള്ള അല്‍ഫോന്‍സിന്‍റെ മറുപടി.

അതേസമയം ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം. അഞ്ച് വര്‍ഷത്തിനുശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സംഗീതം പശ്ചാത്തലമാവുന്ന സിനിമയുടെ സംഗീത സംവിധാനത്തിനൊപ്പം എഡിറ്റിംഗും സംവിധായകന്‍ തന്നെയാണ് നിര്‍വ്വഹിക്കുക. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. 'പ്രേമ'ത്തിനു ശേഷമുള്ള അല്‍ഫോന്‍സ് പുത്രന്‍ ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പുള്ള പ്രോജക്ട് ആണ് ഇത്. 

click me!