കല്പന, ഉർവശി, കലാരഞ്ജിനി എന്നിവരുടെ സഹോദരന്‍ കമല്‍ റോയ് അന്തരിച്ചു.
കൊച്ചി: മുന്‍കാല മലയാള ചലച്ചിത്ര നടന്‍ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. കല്പന, ഉർവശി, കലാരഞ്ജിനി എന്നീ അഭിനേത്രികളുടെയും പരേതനായ നടൻ പ്രിൻസിന്റെ സഹോദരനാണ് അദ്ദേഹം. സിനിമാ കുടുംബത്തിൽ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്. ഭാര്യയും ഒരു മകനുമുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
“നടൻ കമൽ റോയ് അന്തരിച്ചു. ആദരാഞ്ജലികൾ. “കല്യാണ സൗഗന്ധികം”എന്ന എന്റെ സിനിമയിൽ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമൽ. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച് എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു”, എന്നാണ് സംവിധായകന്‍ വിനയന്‍ അനുശോചനം അറിയിച്ച് കുറിച്ചത്.
‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം, 'ശാരദ' തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘യുവജനോത്സവം’ എന്ന ചിത്രത്തിലെ ‘ഇന്നും എന്റെ കണ്ണുനീരിൽ’ എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് കമൽ ആണ്.


