പൃഥ്വിരാജിനൊപ്പം നയന്‍താര; 'ഗോള്‍ഡു'മായി അല്‍ഫോന്‍സ് പുത്രന്‍

By Web TeamFirst Published Aug 31, 2021, 6:29 PM IST
Highlights

'ഫണ്‍ മൂവി'യെന്ന് അജ്‍മല്‍ അമീര്‍

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഗോള്‍ഡ്' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്‍മല്‍ അമീറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അജ്‍മല്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. അടുത്തതായി താന്‍ അഭിനയിക്കുക ഈ സിനിമയില്‍ ആയിരിക്കുമെന്നും അജ്‍മല്‍ പറഞ്ഞു.

"എന്‍റെ ആദ്യ ലൈവ് ആണിത്. ഇവിടെ എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യവാരം എന്‍റെ പുതിയ സിനിമ ആരംഭിക്കുകയാണ്. നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട സംവിധായകന്‍, 'പ്രേമം' സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ സിനിമയിലാണ് ഞാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ അഭിനേതാക്കള്‍ ആ ചിത്രത്തില്‍ അണിനിരക്കും. പൃഥ്വിരാജ്, നയന്‍താര കൂടാതെ നിരവധി അഭിനേതാക്കളുണ്ട് ആ ചിത്രത്തില്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാതാവ്. ഒരു വലിയ സിനിമയാണ്. ഫുള്‍ ഫണ്‍ ആണ് ചിത്രം. ഒരുപാട് നാളിനു ശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്", ലൈവില്‍ അജ്‍മല്‍ അറിയിച്ചു.

നയന്‍താര നായികയായ, അടുത്തിടെ പുറത്തെത്തിയ തമിഴ് ചിത്രം 'നെട്രിക്കണി'ലും അജ്‍മല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതേസമയം അല്‍ഫോന്‍സ് പുത്രനോ ലിസ്റ്റിന്‍ സ്റ്റീഫനോ പൃഥ്വിരാജോ പുതിയ പ്രോജക്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്.

അതേസമയം 2015ല്‍ പുറത്തെത്തിയ 'പ്രേമ'ത്തിനുശേഷം അല്‍ഫോന്‍സ് പുത്രന്‍ സിനിമകളൊന്നും ഒരുക്കിയിട്ടില്ല. ഫഹദ് ഫാസിലിനെ നായകനാക്കി 'പാട്ട്' എന്ന ചിത്രം കഴിഞ്ഞ വര്‍ഷാവസാനം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലും നയന്‍താരയാണ് നായിക. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ രചനയും എഡിറ്റിംഗും സംഗീത സംവിധാനവും അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. യുജിഎം എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം.സംഗീതം പശ്ചാത്തലമാവുന്ന സിനിമയ്ക്കായുള്ള തയ്യാറെടുപ്പിനായി താന്‍ സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന വിവരം അല്‍ഫോന്‍സ് നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!