പ്രാര്‍ഥനകള്‍ക്ക് നന്ദി, ആരോഗ്യവിവരങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അമിതാഭ് ബച്ചൻ

By Web TeamFirst Published Oct 19, 2019, 5:24 PM IST
Highlights

ഒരാളുടെ ആരോഗ്യവിവരങ്ങള്‍ അയാളുടെ സ്വാകാര്യതയായി കണ്ട് മാനിക്കണമെന്നും അമിതാഭ് ബച്ചൻ പറയുന്നു.

ഹിന്ദി സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചൻ ആശുപത്രിയിലാണെന്ന വാര്‍ത്ത ആരാധകരില്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ നിന്ന് ഡിസ്‍ജാര്‍ജ് ചെയ്‍തുവെന്ന വാര്‍ത്തയും വന്നത് ആശങ്കയൊഴിവാക്കി. അമിതാഭ് ബച്ചനെ പതിവ് ചികിത്സയ്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന് വേണ്ടി പ്രാര്‍ഥനകളുമായി ആരാധകരും രംഗത്ത് എത്തിയിരുന്നു. എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും നന്ദി അറിയിക്കുന്നതായി അമിതാഭ് ബച്ചൻ പറയുന്നു. അതേസമയം ഒരാളുടെ ആരോഗ്യവിവരങ്ങള്‍ അയാളുടെ സ്വാകാര്യതയായി കണ്ട് മാനിക്കണമെന്നും അമിതാഭ് ബച്ചൻ പറയുന്നു.

പ്രൊഫഷണല്‍ കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. അതിന്റെ നിയമാവലിയുടെ അതിര്‍ത്തികള്‍ കടക്കരുത്. ഒരാളുടെ ആരോഗ്യകാര്യങ്ങളും രോഗാവസ്ഥയും അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അത് വാണിജ്യവത്ക്കരിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ്. അത്തരം കാര്യങ്ങളെ ബഹുമാനിക്കുകയും ആവശ്യമായ ധാരണ പുലര്‍ത്തുകയും ചെയ്യണം. ലോകത്ത് ഉള്ള എല്ലാം വില്‍ക്കാനുള്ളതല്ല. എല്ലാവരോടും എന്റെ സ്‍നേഹം. എല്ലാവരോടും നന്ദി. എല്ലാ കരുതലുകളും സ്വീകരിക്കുന്നു. എനിക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കും പരിഗണനയ്‍ക്കും നന്ദി- അമിതാഭ് ബച്ചൻ പറയുന്നു. മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു അമിതാഭ് ബച്ചനെ പ്രവേശിപ്പിച്ചിരുന്നത്.  കുറച്ച് ദിവസം വിശ്രമം എടുക്കാൻ അമിതാഭ് ബച്ചനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

click me!