'കൊവിഡ് പ്രതിരോധത്തിനായി താരങ്ങള്‍ എന്തു ചെയ്യുന്നു'? രണ്ട് കോടിയുടെ സഹായം വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍

By Web TeamFirst Published May 10, 2021, 8:03 PM IST
Highlights

കഴിഞ്ഞ ദിവസം എഴുതിയ ബ്ലോഗിലാണ് ബച്ചന്‍ ഇതേക്കുറിച്ച് പറയുന്നത്. കൊവിഡ് കാലത്ത് എന്തു ചെയ്‍തു എന്ന് സ്ഥിരം ചോദ്യംചെയ്യലും വിമര്‍ശനവുമൊക്കെ നേരിടാറുണ്ടെങ്കിലും ചെയ്യുന്ന സഹായങ്ങളൊന്നും പരസ്യമാക്കരുതെന്നായിരുന്നു തന്‍റെയും കുടുംബത്തിന്‍റെയും തീരുമാനമെന്ന് അദ്ദേഹം പറയുന്നു

രാജ്യം കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. സര്‍ക്കാരുകളുടെ കര്‍മ്മശേഷിതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് നാനാതുറകളില്‍പ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരാറുണ്ട്. ഇതില്‍ സിനിമാതാരങ്ങള്‍ക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍, വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് വിശദമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍.

കഴിഞ്ഞ ദിവസം എഴുതിയ ബ്ലോഗിലാണ് ബച്ചന്‍ ഇതേക്കുറിച്ച് പറയുന്നത്. കൊവിഡ് കാലത്ത് എന്തു ചെയ്‍തു എന്ന് സ്ഥിരം ചോദ്യംചെയ്യലും വിമര്‍ശനവുമൊക്കെ നേരിടാറുണ്ടെങ്കിലും ചെയ്യുന്ന സഹായങ്ങളൊന്നും പരസ്യമാക്കരുതെന്നായിരുന്നു തന്‍റെയും കുടുംബത്തിന്‍റെയും തീരുമാനമെന്ന് അദ്ദേഹം പറയുന്നു. "ലഭിക്കുന്ന ആള്‍ മാത്രം അറിഞ്ഞാല്‍ മതി എന്നതായിരുന്നു ഞങ്ങളുടെ നിലപാട്". ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടിവരുന്ന തുടര്‍ വിമര്‍ശനങ്ങളുടെ കാര്യം പറഞ്ഞതിനു ശേഷം കൊവിഡ് കാലത്ത് താന്‍ ചെയ്‍ത സഹായങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി പറയുന്നുമുണ്ട് ബച്ചന്‍. ദില്ലിയിലെ ഒരു കൊവിഡ് ആശുപത്രിക്ക് രണ്ട് കോടി സഹായധനം നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു.

"ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ 1500ലധികം കര്‍ഷകരെ ആത്മഹത്യാമുനമ്പില്‍ നിന്നും രക്ഷിക്കാനായി. അവരുടെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ത്തുകൊണ്ടായിരുന്നു ഇത്. യുപിയില്‍ നിന്നുള്ള കര്‍ഷകരെ ഈ ആവശ്യത്തിനായി മുംബൈയിലേക്ക് എത്തിക്കാന്‍ ട്രെയിനില്‍ ഒരു ബോഗി തന്നെ ബുക്ക് ചെയ്‍തിരുന്നു. പുല്‍വാമയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി. കഴിഞ്ഞ വര്‍ഷത്തെ കൊവിഡ് കാലത്ത് നാല് ലക്ഷത്തിലേറെ ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് ഒരു മാസം ഭക്ഷണം നല്‍കാനായി. കൊവിഡ് പോരാളികള്‍ക്ക് ആയിരക്കണക്കിന് മാസ്‍കുകളും പിപിഇ കിറ്റുകളും നല്‍കാനായി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന ദില്ലിയിലെ സിഖ് സമൂഹത്തിന് ഒരു നല്ല തുക സംഭാവന നല്‍കാനും കഴിഞ്ഞു. മുംബൈയില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോയ നൂറുകണക്കായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പാദരക്ഷകള്‍, ബിഹാറിലേക്കും യുപിയിലേക്കും പോയവര്‍ക്കായി മുപ്പത് ബസ്സുകള്‍, 2800 യുപി സ്വദേശികളായ തൊഴിലാളികള്‍ക്ക് മുംബൈയില്‍ നിന്ന് പോകാനായി സ്വന്തം ചിലവില്‍ ഒരു മുഴുവന്‍ ട്രെയിന്‍ തന്നെ ബുക്ക് ചെയ്തിരുന്നു. പക്ഷേ ഉത്തര്‍പ്രദേശ് ട്രെയിനിന് അനുമതി നിഷേധിച്ചപ്പോള്‍ ഇന്‍ഡിഗോയുടെ മൂന്ന് വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യേണ്ടതായി വന്നു. യുപി, ബിഹാര്‍, രാജസ്ഥാന്‍, ജമ്മുകശ്‍മീര്‍ എന്നിവിടങ്ങളിലേക്ക് 180 തൊഴിലാളികളെ എത്തിച്ചു", അമിതാഭ് ബച്ചന്‍ കുറിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!