'അമ്മ' യോഗം തുടങ്ങി, ഡബ്ല്യുസിസി അംഗങ്ങൾ പങ്കെടുക്കുന്നു, വനിതാ സംവരണമടക്കം അജണ്ടയിൽ

By Web TeamFirst Published Jun 30, 2019, 1:25 PM IST
Highlights

അമ്മയുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നത് അടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട.

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഇരുപത്തിയഞ്ചാം വാർഷിക പൊതുയോഗം കൊച്ചിയിൽ തുടങ്ങി. അമ്മയുടെ നേതൃനിരയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതടക്കമുള്ള കാതലായ മാറ്റങ്ങൾ നടപ്പാക്കാനാണ് സംഘടനാ തീരുമാനം. ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതികൾ പൊതുയോഗത്തിൽ പ്രധാന ചർച്ചയാവും. 

'അമ്മ'യുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട. സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങൾ വനിതകൾക്കായി നീക്കി വെക്കുന്നതാണ് പ്രധാന ഭേദഗതി.

സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങൾ കൂടിയായ പാർവതി, രേവതി. പത്മപ്രിയ എന്നിവർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുമെന്നാണ് സൂചന.

അംഗങ്ങളെ തിരികെ എടുക്കണമെങ്കിൽ അവർ കത്ത് നൽകണം എന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും സംഘടന. 'അമ്മ'യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോടും കടുത്ത വിയോജിപ്പാണ് വിമൻ ഇൻ സിനിമ കളക്ടീവിനുള്ളത്. ഇത് രേഖാമൂലം യോഗത്തെ അറിയിക്കുമെന്നാണ് വിവരം.  

സിനിമാ മേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ രൂപികരിക്കുന്ന കാര്യവും വാർഷിക പൊതുയോഗത്തിൽ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ താരസംഘടനയായ 'അമ്മ' ഒരു തൊഴിൽ സംഘടന  അല്ല എന്നാണ് ഭാരവാഹികളുടെ നിലപാട്. അതിനാൽ സംഘടനയ്ക്കു മാത്രമായ പരാതി പരിഹാര സെൽ വേണമോ എന്ന കാര്യത്തിലും ചർച്ചകൾ ഉണ്ടാവും. സംഘടനയിൽ സ്ത്രീപ്രാതിനിധ്യം ഇല്ലെന്നും സ്ത്രീകൾ ചൂഷണത്തിനിരയാകുന്നുവെന്നും ഉള്ള ആരോപണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് അടിമുടി മാറ്റത്തിന് 'അമ്മ' ഒരുങ്ങുന്നത്.

click me!