'അമ്മ' നിർവ്വാഹക സമിതിയോഗം നാളെ കൊച്ചിയിൽ; ഷെയ്ൻ നിഗം വിഷയം ചർച്ചയാകും

By Web TeamFirst Published Feb 29, 2020, 11:36 AM IST
Highlights

ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടനയുമായി 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും. 

കൊച്ചി: താരസംഘടന 'അമ്മ'യുടെ നിർവ്വാഹക സമിതി യോഗം ചൊവ്വാഴ്ച കൊച്ചിയിൽ ചേരും. ഷെയ്ൻ നിഗം വിഷയം യോഗത്തിൽ ചർച്ചയാകും. നഷ്ടപരിഹാരം നൽകാതെ വിലക്ക് പിൻവലിക്കില്ലെന്ന നിർമ്മാതാക്കളുടെ നിലപാട് 'അമ്മ' യോഗത്തിൽ ചർച്ചയാകും. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടനയുമായി 'അമ്മ' ഭാരവാഹികൾ ചർച്ച നടത്തും. 

വെയിൽ സിനിമയുടെ നിർമ്മാതാവിനോട് മാപ്പ് അപേക്ഷിച്ച് ഷെയ്ൻ കത്തയച്ചതിന് പിന്നാലെ വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സന്നദ്ധത അറിയിച്ചിരുന്നു. ഖുർബാനി സിനിമ പൂർത്തീകരിക്കുന്ന കാര്യത്തിൽ കൂടി ഷെയ്ൻ നിഗം വ്യക്തത വരുത്തണമെന്നും എന്നാൽ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട്. 

പ്രതിഫല തർക്കം മൂലം ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ചാണ് വെയിൽ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജിന് ഷെയ്ൻ കത്തയച്ചത്. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും കത്തിൽ പറയുന്നു. വെയിൽ സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും ഷെയ്ൻ നിഗം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ നൽകിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാർ പ്രകാരമുള്ള 40 ലക്ഷം രൂപയിൽ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ൻ കത്തില്‍ പറഞ്ഞു. 

ഉല്ലാസം സിനിമയുടെ ഡബ്ബിം​ഗ് നടത്താതിരിക്കുകയും വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിർമ്മാതാക്കളുടെ സംഘടന ഷെയ്‌നിന് വിലക്കേർപ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യും, ഫെഫ്കയും അടക്കമുള്ള സംഘടനകൾ പ്രശ്നം ഒത്തുതീർപ്പാക്കാൻ ഇടപെട്ടു. ഇതിനിടെ ഷെയ്ൻ നിർമ്മാതാക്കളെ മനോരോ​ഗികൾ എന്ന തരത്തിൽ വിശേഷിപ്പിച്ചത് പ്രശ്നം കൂടുതൽ വഷളാക്കി.

ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ ഷെയ്ന്റെ വിലക്ക് നീക്കാമെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ൻ നിഗത്തിന്‍റെ വിലക്ക് നീക്കണമെന്നാണ് 'അമ്മ' സംഘടനയുടെ ആവശ്യം. എന്നാൽ ഡബ്ബിംഗ് പൂർത്തിയായ ശേഷവും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് മാറ്റിയിരുന്നില്ല

click me!