
കൊച്ചി: അമ്മ പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞതെന്ന് നടി ശ്വേത മേനോൻ. സംഘടനയിൽ ചർച്ചകളിലൂടെ മാറ്റങ്ങൾ നടപ്പാക്കുമെന്ന് ശ്വേത പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു ശ്വേതയുടെ പ്രതികരണം. കേസിലൂടെ ശ്വേതയെ തളർത്താനാകില്ലെന്നായിരുന്നു ശ്വേതയുടെ ഭർത്താവ് ശ്രീവത്സന്റെ പ്രതികരണം. കുടുംബാംഗങ്ങൾ എല്ലാവിധ പിന്തുണയുമായി കൂടെയുണ്ടെന്നും ശ്രീവത്സൻ വ്യക്തമാക്കി.
താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞപ്പോൾ പ്രസിഡൻറായി ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനും തെരഞ്ഞെടുക്കപ്പെട്ടു. ആകെ 504 അംഗങ്ങളുള്ള സംഘടനയിൽ വോട്ടെടുപ്പിൽ വലിയ ഇടിവാണ് കണ്ടത്. കഴിഞ്ഞ തവണ 357 പേർ വോട്ട് ചെയ്യാനെത്തിയിരുന്നു. ഇത്തവണ അത് 298 ആയി കുറഞ്ഞിരുന്നു. ഏറ്റവും കടുത്ത മത്സരം പ്രസിഡൻ്റ് പദവിയിലേക്ക് നടന്നപ്പോൾ 27 വോട്ടിനാണ് ശ്വേത മേനോൻ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവനെ പരാജയപ്പെടുത്തിയത്.
പ്രസിഡൻ്റ് സ്ഥാനത്ത് ശ്വേത മേനോൻ 159 വോട്ട് നേടി. അതേസമയം ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്ത് കുക്കു പരമേശ്വരൻ 172 വോട്ട് നേടിയപ്പോൾ രവീന്ദ്രന് 115 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 57 വോട്ടാണ് കുക്കു പരമേശ്വരൻ്റെ ഭൂരിപക്ഷം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടാണ് നേടാനായത്.