'ഒറ്റക്കെട്ടായി സംഘടനയെ നയിക്കാൻ സാധിക്കട്ടെ'; 'അമ്മ'യുടെ പുതിയ നേതൃത്വത്തിന്‌ ആശംസയുമായി മോഹൻലാൽ

Published : Aug 15, 2025, 11:00 PM IST
Mohanlal

Synopsis

'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടേയെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

കൊച്ചി: താര സംഘടനയായ 'അമ്മ'യുടെ പുതിയ നേതൃത്വത്തിന്‌ ആശംസകളുമായി മുൻ അധ്യക്ഷൻ മോഹൻലാൽ. 'അമ്മ'യുടെ പുതിയ നേതൃത്വത്തിന്‌ ഹൃദയം നിറഞ്ഞ ആശംസകള്‍. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തന മികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികൾക്ക് സാധിക്കട്ടേയെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ കമ്മിറ്റി വരുമെന്നും അത് നല്ല രീതിയിൽ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്നും മോഹൻലാൽ വോട്ട് ചെയ്തതിന് ശേഷം പ്രതികരിച്ചിരുന്നു. സംഘടനയിൽ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിവാദങ്ങളേറെയുണ്ടായ വാശിയേറിയ തെരഞ്ഞെടുപ്പിൽ ശ്വേതാ മേനോനെ അമ്മ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കുക്കു പരമേശ്വരൻ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തിൽ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിർന്ന താരം ദേവനെ തോൽപ്പിച്ച് ശ്വേതാ മേനോൻ പ്രസിഡണ്ടായത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രവീന്ദ്രനെ 57 വോട്ടുകൾക്കാണ് കുക്കു പരമേശ്വരൻ പരാജയപ്പെടുത്തിയത്. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു.

ജയൻ ചേര്‍ത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തടക്കം ഇത്രയേറെ വനിതകളെത്തുന്നത്. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്‍തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്‍തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു