
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉടൻ സത്യം പുറത്ത് വരണമെന്ന് താരസംഘടന പ്രസിഡന്റ് ശ്വേതാ മേനോൻ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്നും അവരും സംഘടനയിലേക്ക് തിരികെ വരണമെന്നും ശ്വേതാ മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താൻ ആരുടെയും മൗത്ത് പീസല്ലെന്നും തനിയ്ക്ക് തന്റേതായ സ്‌ട്രോങ് വ്യക്തിത്വമുണ്ടെന്നും ശ്വേത വ്യക്തമാക്കി. പോസിറ്റീവായ മാറ്റമാണ് താരസംഘടനയിൽ ഉണ്ടായകതെന്നും വ്യക്തികൾ മാത്രമല്ല സിസ്റ്റം കൂടി മാറണമെന്നും ഡബ്ല്യുസിസി അംഗം ദീദീ ദാമോദരൻ പ്രതികരിച്ചു.
താരസംഘടനയിൽ മാറ്റം എവിടെ, പ്രവർത്തനങ്ങൾ എങ്ങനെ എന്ന് വിശദീകരിക്കുന്നില്ലെങ്കിലും നയം മാറ്റം 'അമ്മ' പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേതയുടെ വാക്കുകളിൽ പ്രകടമാണ്. പ്രതിഷേധിച്ച് ഇറങ്ങി പോയ ഡബ്ല്യുസിസി അംഗങ്ങളെ തിരികെ കൊണ്ട് വരുന്നതിലടക്കം മുൻകൈയെടുക്കാൻ തയ്യാറെന്ന് ശ്വേത പറഞ്ഞു. എന്നാൽ, താരസംഘടനയിൽ ഉണ്ടാവുക കൂട്ടായ തീരുമാനമെന്നും ശ്വേത കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിന് ശേഷമാണ് ‘അമ്മ’ സംഘടനയിൽ വലിയ പൊട്ടിത്തെറികളുണ്ടായത്. ആ കാലയളവിൽ ഭരണസമിതിയുടെ ഭാഗം കൂടിയായിരുന്നു ശ്വേത. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് സംഘടനയെന്നും സത്യം ഉടൻ പുറത്ത് വരണമെന്നുമാണ് ‘അമ്മ’ പ്രസിഡന്റായ ശ്വേതയുടെ നിലപാട്. അതേസമയം, താരസംഘടനയിലെ മാറ്റത്തെ സ്വാഗതം ചെയ്യുമ്പോഴും അവരുടെ നിലപാട് എന്തെന്ന ചോദ്യങ്ങൾ ഉന്നയിക്കുകയാണ് ഡബ്ല്യുസിസി. താരസംഘടനയിലേക്കുള്ള മടങ്ങിവരവിൽ തീരുമാനം പിന്നീടെന്ന് നടി ഭാവന വ്യക്തമാക്കി കഴിഞ്ഞു. നേതൃനിരയിലെ മാറ്റങ്ങൾ സംഘടനയിൽ പ്രതിഫലിക്കുമോ എന്ന് വരും ദിവസങ്ങൾ കാത്തിരുന്ന് കാണാം.