OTT: പ്രേക്ഷകരെ പോക്കറ്റിലാക്കുന്ന ഒടിടി കാഴ്‍ചകളും തുറന്നിടുന്ന സാധ്യതകളും

Published : May 09, 2022, 12:11 PM ISTUpdated : May 09, 2022, 12:17 PM IST
OTT: പ്രേക്ഷകരെ പോക്കറ്റിലാക്കുന്ന ഒടിടി കാഴ്‍ചകളും തുറന്നിടുന്ന സാധ്യതകളും

Synopsis

പ്രേക്ഷകരുടെ അഭിരുചികളും ശീലങ്ങളുമെല്ലാം കൊവിഡിന് മുമ്പും ശേഷവുമെന്നും നിർവചിക്കപ്പെടേണ്ട സാഹചര്യമാണ് (OTT).

വരിക്കാരുടെ എണ്ണംകുറഞ്ഞതിന്റെ കണക്കു കൂട്ടിയിരിക്കുന്ന നെറ്റ്ഫ്ലിക്സിന് ഒരടി കൊടുക്കാൻ ഒരുങ്ങുകയാണ് ആമസോൺ പ്രൈം വീഡിയോ. ഹിറ്റായ സീരീസുകളുടെ തുടർച്ച, പുതിയ പരമ്പരകൾ, സിനിമകൾ എല്ലാമായി കളം പിടിക്കാനാണ് വരവ്. ദശകോടികൾ ചെലവാക്കി എംജിഎമ്മിന്റെ സിനിമാസമ്പത്ത് കൈക്കലാക്കിയ ആമസോൺ പ്രൈം വീഡിയോ ഇതിനോടകം പ്രേക്ഷകരുടെ ഗൃഹാതുരത്വം പോക്കറ്റിലാക്കിയെന്ന ആത്മവിശ്വാസത്തിലാണ്. ഇതിന് പുറമെയാണ് പുതിയ വിഭവങ്ങളുടെ ഒരുക്കങ്ങളും (OTT).  

ഡിസ്‍നിയുടെ എക്കാലത്തേയും സമ്പന്നമായ ചിത്രങ്ങൾക്ക് പുറമെ സൂപ്പർ ഹീറോസിനെയും പല ഭാഷകളിൽ അവതരിപ്പിച്ചും സിനിമകളും സീരിയലുകളും കൂടെക്കൂട്ടിയും ഡിസ്‍നി ഹോട്ട് സ്റ്റാറും പടക്കോപ്പ് മെച്ചപ്പെടുത്തുന്നു. മികച്ചത് സ്വന്തം ലായത്തിലെന്ന് ഓർമപെടുത്തിയും മികച്ച കരാറുകൾ ഉറപ്പാക്കിയും നെറ്റ്ഫ്ലിക്സും കരുതലോടെ മുന്നോട്ടുപോകുന്നു. ഇപ്പോൾ തന്നെ ഒട്ടനവധി ശ്രദ്ധിക്കപ്പെട്ട സിനിമകൾ അവതരിപ്പിച്ച് മലയാളിയുടെ സ്വന്തം മാധ്യമമായി മാറിയ സോണി ലിവ് സ്വന്തമായി സൃഷ്‍ടികളൊരുക്കി തട്ടകം സ്വന്തമാക്കാനൊരുങ്ങുന്നു. നിർമാണകമ്പനികളുടേതടക്കമുള്ള മറ്റ് ആപ്പുകൾ വേറെയും. സങ്കൽപങ്ങൾ തിരശ്ശീലയിൽ വരക്കുന്ന ചിത്രങ്ങൾ എന്ന നിലയിൽ നിന്ന് സിനിമ വേറൊന്നായിരിക്കുന്നു. ഒരു വിരൽത്തുമ്പിൽ സംഭവിക്കുന്ന മാറ്റവും തീരുമാനവും ഒരു സൃഷ്‍ടിയുടെ വിധിയെഴുതുന്നു. വലിയ ഹോർഡിങ്ങുകളില്ലാതെ പണച്ചെലവില്ലാതെ സാമൂഹികമാധ്യമങ്ങളുടെ അതിരുകളില്ലാത്ത ലോകത്ത് പരസ്യപിന്തുണ ഉറപ്പാക്കി സിനിമകൾ കാണികളിലേക്ക് എത്തുന്നു. തലതൊട്ടപ്പൻമാരില്ലാതെയും മാമൂലുകളില്ലാതെയും സിനിമ കാണികൾക്ക് മുന്നിലെത്തിക്കാൻ കഴിയുന്നതിന്റെ വാണിജ്യസാധ്യതയും ദർശനസാധ്യതകളും ചലച്ചിത്രപ്രവർത്തകർക്ക് ആത്മവിശ്വാസമാകുന്നു. പ്രേക്ഷകരുടെ അഭിരുചികളും ശീലങ്ങളുമെല്ലാം കൊവിഡിന് മുമ്പും ശേഷവുമെന്നും നിർവചിക്കപ്പെടേണ്ട സാഹചര്യം.

സിനിമയുടെ വാണിജ്യ വിപണനസാധ്യതകൾക്കുപരിയായി ഒടിടി വാതിൽ തുറന്നിട്ട വേറെ ചിലരുണ്ട്. ചില അഭിനേതാക്കൾ. അഭിഷേക് ബച്ചൻ, സെയ്‍ഫ് അലി ഖാൻ, കെ കെ, ഷെഫാലി ഷാ, സയാനി ഗുപ്‍ത, കൃതി കുൽഹരി, സഞ്ജയ് കപൂർ, നിര ചെറുതല്ല. നിർഭാഗ്യം കൊണ്ടോ മത്സരത്തിന്റെ പാമ്പും കോണിയും കളിയിൽ താത്പര്യമില്ലാത്തു കൊണ്ടോ വ്യവസ്ഥാപിത താരസങ്കൽപത്തിന് പുറത്തുള്ളവരായതു കൊണ്ടോ ഒക്കെ വേണ്ടത്ര കഥാപാത്രങ്ങളോ വിജയങ്ങളോ തേടിയെത്തവർ ആണ് പട്ടികയിൽ കൂടുതലും. 'സേക്രട് ഗെയിംസും' 'താണ്ഡവും' ഒക്കെ സെയ്‍ഫ് അലിഖാനും 'ബ്രീത്തും' 'ലൂഡോ'യുമൊക്കെ അഭിഷേക് ബച്ചനും നൽകുന്ന ആത്മവിശ്വാസവും ഊർജവും ആത്മസംതൃപ്‍തിയുമൊക്കെ പറയാതെ വയ്യ. കഥാപാത്രത്തിലിറങ്ങി ചെന്ന് അഭിനയിക്കുന്ന സയാനിയും ഷെഫാലിയുമൊക്കെ തുറന്നിട്ട സാധ്യതകൾ ഏതൊരു അഭിനേത്രിക്കും ഊർജദായിനിയാണ്. അനിൽ കപൂറിന്റെ അനിയൻ, ചില സിനിമകളിൽ അഭിനയിച്ചു എന്ന മേൽവിലാസത്തിൽ നിന്ന് ഉപയോഗിക്കാതെ പോയ പ്രതിഭ എന്ന ബോളിവുഡ് അടക്കം പറയുന്നിടത്തേക്ക് സഞ്ജയ് കപൂറിനെ എത്തിച്ചത് ഒടിടി ഉത്പന്നങ്ങളാണ്. കുറേ സിനിമകളിൽ അഭിനയിച്ചിട്ടും പങ്കജ് ത്രിപാഠിയേയും ജയ്‍ദീപ് അഹ്ലാസവത്തിനേയും അഭിഷേക് ബാനർജിയേയും ശ്വേതാ ത്രിപാഠിയേയും ദിവ്യേന്ദുവിനേയും രസിക ദുഗലിനേയും എല്ലാം പ്രേക്ഷകരുടെ നാക്കിൻതുമ്പത്ത് പരിചിതരാക്കിയത് 'മിർസാപൂരും' 'പാതാൾലോകും' ഒക്കെയാണ്. സിനിമയുടെ വലിയ ലോകത്തെ ഒരു പാടു നീണ്ട താരനിരയിലിടം പിടിച്ചിട്ടും ശ്രദ്ധിക്കപ്പെടാതെ പോയവർക്കും സിദ്ധിയുണ്ടായിട്ടും ഇടം കിട്ടാത്തവരുമെല്ലാം അഭിനയമോഹത്തിന്റെ സാക്ഷാത്കാരത്തിന് ഒടിടിയിലെത്തുന്നു. നിരനിരയായി ഉണ്ടാകുന്ന സിനിമകളും സീരീസുകളുമെല്ലാം പ്രതിഭ തെളിയിക്കാനും മുന്നോട്ടു പോകാനും സ്വയം മിനുക്കാനുമുള്ള അവസരവുമാകുന്നു.

താരങ്ങൾക്ക് മാത്രമല്ല ഒടിടി വലിയ ലോകം തുറന്നിടുന്നത്. സംവിധായകർക്കും നിർമാതാക്കൾക്കും കൂടിയാണ്. നിർഭയ സംഭവത്തെ കുറിച്ച് 'ഡൽഹി ക്രൈംസ്' പോലെ നിർമാണമികവിൽ മുന്നിട്ട് നിൽക്കുന്ന വേറൊരു വായനയില്ല. മുംബൈ ഭീകരാക്രമണത്തെ കുറിച്ച് നിരവധി ഭാഷ്യങ്ങളുണ്ടെങ്കിലും  'മുംബൈ ഡയറീസ് 26/11' പോലെ വേറെയൊന്നില്ല. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതിയിലെ ജാതിയും അഴിമതിയും അക്രമവും 'പാതാൾ ലോക്' പോലെ തുറന്നു കാട്ടിയ ഒന്ന് അടുത്ത കാലത്തൊന്നുമില്ല. വിവാഹകമ്പോളത്തിലെ കണക്കുകളും കുടുംബങ്ങളിലെ അവിശ്വാസവും സ്വവർഗലൈംഗികതയും സ്ത്രീയുടെ ലൈംഗിക താത്പര്യങ്ങളുമെല്ലാം തുറന്നു ചർച്ച ചെയ്ത സീരീസുകളും പ്രേക്ഷകർക്ക് പുതുമയായി. നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന പലതും നമ്മുടെ വീട്ടുമുറിയിലെ പെട്ടിയിലൂടെ നാം കണ്ടു. ആ കണ്ണാടിയിൽ നാം പലതും തിരിച്ചറിഞ്ഞു, ബോധ്യപ്പെട്ടു. ഈ ഞെട്ടലും മനസ്സിലാക്കലും ഒടിടി പ്രേക്ഷകന് സമ്മാനിച്ച അനുഭവബോധ്യം. സൃഷ്‍ടാക്കൾക്ക് നൽകിയത് പല പ്രമേയങ്ങളും ആവിഷ്‍കാരിക്കാനുള്ള ധൈര്യവും പ്രചോദനവും. നിയന്ത്രണങ്ങളുടെ കണ്ണുകളും ചെവികളും എല്ലാം കൂടി ഒടിടി നിർമാണരംഗത്തേക്ക് തിരിഞ്ഞത് വെറുതെയല്ല. മനുഷ്യരെ ആലോചിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന ആശയസംവാദവേദി ഏത് അധികാരകേന്ദ്രത്തിനും തലവേദനയാണ്. അത്രമാത്രം വൈവിധ്യമാർന്ന കരുത്താര്‍ന്ന വിഷയങ്ങളാണ് അടുത്ത കാലത്തായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടത്.

തീയേറ്റർ അനുഭവത്തിന്റെ തനത് ആസ്വാദ്യത, അത് വേറെ തന്നെയാണ്. റിലീസിങ് സമയത്തെ തിക്കിലും തിരക്കിലും ആവേശത്തിലും സിനിമ കാണുന്നതിന്റെ ത്രില്ല് അതും സംഭവമാണ്. അതിന് പകരം വെക്കലല്ല ഒടിടി. പക്ഷേ കൊവിഡ് കാലമുണ്ടാക്കിയ ശീലം എന്ന വാക്കിലൊതുക്കേണ്ടതുമല്ല. വീക്ഷണങ്ങളിൽ, നിർമാണചേരുവകളിൽ, പ്രമേയങ്ങളിൽ, താരപ്പകിട്ടിൽ...എല്ലാം വൈവിധ്യങ്ങളുടെ പെരുമഴ പെയ്യിച്ചത് ഒടിടിയാണ്. കുറേ പേർക്ക് സാക്ഷാത്കാരസാധ്യതയുടെ ജീവശ്വാസം നൽകിയതും ഒടിടിയാണ്. അതുകൊണ്ടാണ് ദൃശ്യശീലത്തിന് ആസ്വാദനശീലത്തിന് നിർമാണശീലത്തിന് എല്ലാം കൊവിഡിന് മുമ്പും ശേഷവും എന്ന് രണ്ട് വിഭാഗങ്ങളുണ്ടാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വർണ്ണനാതീതമായ അവിസ്മരണീയാനുഭൂതി സമ്മാനിച്ച ചിത്രം'; 'ഖജുരാഹോ ഡ്രീംസി'നെ കുറിച്ച് എം പത്മകുമാർ
റൊമാന്‍റിക് മൂഡിൽ ഉണ്ണി മുകുന്ദൻ; ‘മിണ്ടിയും പറഞ്ഞും’ ‍ക്രിസ്‍മസിന് തിയറ്ററുകളിൽ