സ്വന്തം ജീവിതം സിനിമയാകുമ്പോള്‍; സൂപ്പര്‍ 30നെ കുറിച്ച് ആനന്ദ് കുമാറിന് പറയാനുള്ളത്

By Web TeamFirst Published Jul 9, 2019, 5:56 PM IST
Highlights

 ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

ഗണിതശാസ്ത്രജ്ഞൻ ആനന്ദ് കുമാറിന്റെ ജീവിതം സിനിമയാകുകയാണ്. സൂപ്പര്‍ 30 എന്ന സിനിമയില്‍ ഹൃത്വിക് റോഷനാണ് ആനന്ദ് കുമാറായി അഭിനയിക്കുന്നത്. സാധാരണക്കാരായ വിദ്യാര്‍ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. അക്കഥയാണ് ചിത്രം പറയുന്നത്. തന്റെ ജീവിതകഥ സിനിമ സിനിമയാകുന്നത് വലിയൊരു അനുഭവമാണ് എന്നാണ് ആനന്ദ് കുമാര്‍ പറയുന്നത്. ഇന്ത്യൻ എക്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആനന്ദ് കുമാര്‍ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയുന്നത്.

വലിയൊരു അനുഭവമാണ്. ബിഹാറിനെ കുറിച്ചുള്ള ചില സിനിമകള്‍ കാരണം ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ 30 കാണിക്കുന്നത് അങ്ങനെയല്ല. ബിഹാറിലെ സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമൊക്കെയാണ്. ഞങ്ങള്‍ക്ക് അത് വലിയ സന്തോഷം പകരുന്നു- ആനന്ദ് കുമാര്‍ പറയുന്നു.

ഹൃത്വിക് റോഷൻ കഥാപാത്രമാകാൻ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ആനന്ദ് കുമാര്‍ അഭിമുഖത്തില്‍ പറയുന്നു. അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ല. വലിയ പ്രതിഭയുളള നടനാണ് അദ്ദേഹം. തുടക്കത്തില്‍, 150 മണിക്കൂറോളം ഉള്ള എന്റെ വീഡിയോ  അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനയുളള പ്രവര്‍ത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്റ്റൈല്‍, എന്റെ അധ്യാപന രീതി, അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനു ശേഷം അഞ്ചോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്‍ച നടത്തി. അത് മണിക്കൂറോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്‍ച ആറ് മണിക്കൂറോളം നീണ്ടു. ഒരു തവണ എന്നെ യാത്രയാക്കാൻ വന്നപ്പോള്‍ അദ്ദേഹം നഗ്നപാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്. ഞാനുമായുള്ള കൂടിക്കാഴ്‍ചയില്‍ അത്രത്തോളം മുഴുകിയിരുന്നു അദ്ദേഹം- ആനന്ദ് കുമാര്‍ പറയുന്നു.

ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷൻ മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!