'രേണു സുധി വീണ്ടും മറ്റൊരു വെല്ലുവിളി നേരിടുന്നു', ഉപകാരം ചെയ്‍തില്ലെങ്കിലും ഉപദ്രവിക്കരുതെന്നും അനീഷ് രവി

Published : Jun 23, 2026, 04:30 PM IST
Aneesh Ravi, Renu Sudhi

Synopsis

ഇന്നലെ പെയ്‍ത ഒരു മഴയിലോ കാറ്റിലോ ആടി ഉലയില്ല രേണു സുധിയെന്നും നടൻ അനീഷ് രവി.

കാൻസറിനോടു പൊരുതുന്ന രേണു സുധിക്ക് പിന്തുണയറിയിച്ച് നടനും അവതാരകനുമായ അനീഷ് രവി. ഉപകാരം ചെയ്തില്ലെങ്കിലും ദയവായി ആരും അവരെ ഉപദ്രവിക്കരുതെന്ന് അനീഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കൊല്ലം സുധിയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നയാളാണ് താനെന്നും അനീഷ് കൂട്ടിച്ചേർത്തു.

''സ്റ്റാർ മാജിക്കിന്റെ ഷൂട്ട് നടക്കുന്നതിനിടയിലാണ് കൊല്ലം സുധിയുമായി ഞാൻ കൂടുതൽ അടുക്കുന്നത്. ഇടയ്ക്കെപ്പോഴൊക്കെയോ ഷൂട്ട് കഴിഞ്ഞു നിൽക്കുമ്പോ അദ്ദേഹത്തെ കൂട്ടി നാട്ടിലേയ്ക്ക് പോകാനായി വരുന്ന കുടുംബത്തെയും കാണാറുണ്ടായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളകളിൽ ചിലപ്പോഴൊക്കെ ജീവിതത്തിലെ പല പ്രശ്നങ്ങളെ കുറിച്ചും ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ അദ്ദേഹം എന്നോട് പങ്കുവെയ്ക്കുമായിരുന്നു. ഓരോ ദിവസം കഴിയുംതോറും സുധി അണ്ണനുമായി ഞാൻ അടുത്തു കൊണ്ടേയിരുന്നു. പെട്ടെന്നാണ് നമ്മൾ ഓരോരുത്തരെയും സങ്കടപ്പെടുത്തിക്കൊണ്ട് ആ ദുരന്ത വാർത്ത നമ്മുടെയെല്ലാം കാതുകളിലേയ്ക്ക് വന്ന് പതിച്ചത്. മനസ്സിൽ കൊതിച്ച 100 കണക്കിന് കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിയാതെ ആ എളിയ കലാകാരൻ നമ്മെ വിട്ടുപോയി. എങ്കിലും സുധി എന്ന കലാകാരൻ നമുക്ക് സമ്മാനിച്ച നർമ്മ രസങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് സുധിയും സുധിയുടെ കുടുംബവും.

കൊല്ലം സുധിയുടെ പിന്നിൽ നിന്ന് മാത്രം കണ്ടിട്ടുള്ള രേണു പിന്നീട് നമുക്കിടയിൽ വളരാൻ തുടങ്ങി. വെള്ളവും വളവും ഒഴിച്ച് നമ്മൾ പരിപാലിച്ചു വളർത്തിയതല്ല. പരിഹാസവും കുറ്റപ്പെടുത്തലും അധിഷേപവും കൊണ്ട്. ആദ്യം ഒന്നുലഞ്ഞു. എങ്കിലും പിന്നെ പിന്നെ തളരാതെ, വാടാതെ, മണ്ണിൽ ആഴത്തിൽ വേരുറപ്പിച്ച് താനെ വളർന്ന ഒരു ചെടിയായി. മുൻപരിചയമില്ലാത്ത നമുക്കോ നമ്മുടെ കുടുംബത്തിനോ നാടിനോ ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ നമ്മളെന്തിനാണ് ടാർഗറ്റ് ചെയ്യുന്നത്…!!? ഒരാൾ തന്റെ ദുഃഖങ്ങളെ മറക്കാനായി, അല്ലങ്കിൽ സ്വന്തം സന്തോഷത്തിനായി ചെയ്യുന്ന കാര്യം ഒരു രീതിയിലും നമ്മളെ ബാധിയ്ക്കുന്നില്ലെങ്കിൽ കൂടി നമ്മൾ ഓരോരുത്തരും അവരെ പഴിപറയാൻ തുടങ്ങി.

ഒരുവന്റെ മനസ്സിലെ ചിന്ത ഒരു പോസ്റ്റിന്റെ രൂപത്തിൽ നമ്മുടെ കൈകളിലേയ്ക്ക് എത്തുമ്പോ നിസ്സാരമായി തള്ളിക്കളയാതെ നമ്മളും അത് ഷെയർ ചെയ്യാൻ തുടങ്ങി. അതും ജീവിതത്തിൽ എല്ലാ അർത്ഥത്തിലും സ്വാർത്ഥരായ നമ്മൾ. അവനവന്റെ കാര്യം മാത്രം നോക്കി കൂടെ പിറപ്പിനോ കൂടെ നിൽക്കുന്ന ആൾക്കോ സ്വന്തം കൈയിലുള്ളത് എന്തായാലും അത് ഒരല്പം പോലും ഷെയർ ചെയ്യാത്ത നമ്മൾ ഇത്തരം വാർത്തകൾ വരുമ്പോ ഒരായിരം പേർക്ക് ഷെയർ ചെയ്ത് വിശാല മനസ്കരാവുന്നു. അങ്ങനെയെങ്കിലും മനസിന്റെ വിശാലത തുറന്നു കാട്ടാൻ നമുക്ക് കഴിഞ്ഞല്ലോ ഭാഗ്യം!. വിധി ചിലപ്പോ വളരെ ക്രൂരനായി നമ്മളോട് പെരുമാറും. അത്തരം ഒരു സാഹചര്യത്തിലൂടെ രേണു വീണ്ടും മറ്റൊരു വെല്ലുവിളി നേരിടുന്നു. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിയ്ക്കരുത്. ഇനി മറിച്ചാണ് തീരുമാനമെങ്കിൽ നിങ്ങൾ തോറ്റുപോവുകയേ ഉള്ളൂ. കാരണം നട്ടുവളർത്തിയ മരങ്ങളെ പോലെ അല്ല ഈ മരം..!! ഇന്നലെ പെയ്ത ഒരു മഴയിലോ കാറ്റിലോ ആടി ഉലയില്ല അത്. പ്രിയപ്പെട്ട രേണു.. സമാധാനമായിരിയ്ക്കൂ..നിങ്ങളെ സ്നേഹിക്കുന്നവരും ഇഷ്ടപെടുന്നവരും നിങ്ങൾക്കായി പ്രാർത്ഥിയ്ക്കുന്നവരും ഉണ്ട് ഈ നാട്ടിൽ. ചികിത്സയുടെ ഭാഗമായുള്ള വേദനകളെയും തരണം ചെയ്യാൻ നിനക്ക് കഴിയട്ടെ. പൂർണ്ണ ആരോഗ്യവതിയായി വേഗം തിരിച്ചു വരൂ. നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥനകളോടെ ഞങ്ങൾ കാത്തിരിക്കുന്നു'', എന്നാണ് അനീഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ന്യൂജെൻ സിനിമയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകളുള്ള കാലം, പക്ഷേ'; 'ബാലന്‍' റിവ്യൂവുമായി സത്യന്‍ അന്തിക്കാട്
ആ പതിവ് തെറ്റിച്ച് തൃഷ, പിന്നാലെ വിജയ്‍യെ അണ്‍ഫോളോയും ചെയ്‍തു, കാരണമെന്ത്?