'എൻടിആര്‍ 30'നെ കുറിച്ച് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍

By Web TeamFirst Published Nov 21, 2022, 5:44 PM IST
Highlights

കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തിനറെ ഗംഭീര വിജയത്തോടെ രാജ്യമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ജൂനിയര്‍ എൻടിആര്‍. കൊരടാല ശിവയുടെ സംവിധാനത്തിലാണ് ജൂനിയര്‍ എൻടിആര്‍ അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്കെല്ലാം ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 'എൻടിആര്‍ 30' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തെ കുറിച്ച് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'എൻടിആര്‍ 30' വളരെ സ്‍പെഷ്യലാകാൻ പോകുന്ന ഒന്നായിരിക്കും എന്നാണ് അനിരുദ്ധ് രവിചന്ദര്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കൊരടാല ശിവയുമായി ചിത്രത്തിന്റെ ഗാനത്തിന്റെ ചര്‍ച്ച തുടങ്ങിയ വിവരം പങ്കുവെച്ചാണ് അനിരുദ്ധ് ചന്ദൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. രത്‍നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ.


This is going to be special pic.twitter.com/WlwpWlOrS0

— Anirudh Ravichander (@anirudhofficial)

കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം വെട്രിമാരന്റെ സംവിധാനത്തിലും ഒരു പാൻ ഇന്ത്യൻ സിനിമയില്‍ ജൂനിയര്‍ എൻടിആര്‍ അഭിനയിച്ചേക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ജൂനിയര്‍ എൻടിആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ പ്രഖ്യാപനം. ഇതാദ്യമായിട്ടാണ് ജൂനിയര്‍ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയര്‍ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീല്‍ ഒരുക്കുക. ചിത്രത്തിന്റെ പ്രമേയം എന്തായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‍സും എൻടിആര്‍ ആര്‍ട്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓർക്കേണ്ട ഒരേയൊരു മണ്ണ് രക്തത്തിൽ കുതിർന്ന മണ്ണാണ് എന്ന ടാഗ്‍ലൈനോടെയായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റര്‍.  എപ്പോഴായിരിക്കും പുതിയ ചിത്രങ്ങളുടെ ചിത്രീകരണമെന്നും ഇതുവരെ അറിയിച്ചിട്ടില്ല.

Read More: പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രം 'ഹനുമാൻ', ടീസര്‍ പുറത്ത്

tags
click me!