
രജനീകാന്ത് ചിത്രം ബാബ വീണ്ടും തിയറ്ററുകളിലേക്ക്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
പടയപ്പയുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാബ. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ രജനീകാന്ത് തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം. പടയപ്പയുടെ വിജയത്തിനു ശേഷം എത്തുന്ന ചിത്രമായതിനാല്‍ വന്‍ പണം മുടക്കിയാണ് വിതരണക്കാര്‍ ചിത്രം എടുത്തത്. എന്നാല്‍ പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസില്‍ മുന്നേറാന്‍ ചിത്രത്തിന് സാധിച്ചില്ല. വിതരണക്കാര്‍ക്കും വന്‍ നഷ്ടം നേരിട്ടു. നിര്‍മ്മാതാവ് എന്ന നിലയില്‍ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ രജനി മുന്നിട്ടിറങ്ങിയത് അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
രജനീകാന്ത് കഥയും തിരക്കഥയും എഴുതിയിരിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വി ടി വിജയന്‍. സംഗീതം എ ആര്‍ റഹ്‍മാന്‍. 2002 ഓഗസ്റ്റ് 15 ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
അതേസമയം മറ്റൊരു രജനീകാന്ത് ചിത്രവും ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തി നേരത്തെ തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. 1995 ചിത്രം ബാഷയാണ് അത്. രജനീകാന്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാണ് ബാഷ. സുരേഷ് കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന്‍റെയും സംവിധാനം. 2017 ലാണ് ചിത്രത്തിന്‍റെ ഡിജിറ്റല്‍ പതിപ്പ് തിയറ്ററുകളില്‍ എത്തിയത്. രജനി ആരാധകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ റീ റിലീസിന് ലഭിച്ചത്.