
ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനുമായി താന്‍ ദീര്‍ഘകാല പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ ഒരുങ്ങുകയുമാണെന്ന പ്രചരണത്തില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. “കല്യാണമോ? കൂള്‍ ആയി ഇരിക്കൂ ഗയ്സ്. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക”, അനിരുദ്ധ് രവിചന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സണ്‍ ഗ്രൂപ്പ് ഉടമയായ കലാനിധി മാരന്‍റെ മകളും സണ്‍റൈസേഴ്സ് ഉടമയുമായ കാവ്യ മാരനുമായി അനിരുദ്ധ് പ്രണയത്തിലാണെന്നും ഇരുവരും തങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുകയാണെന്നുമുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ മാധ്യമങ്ങളിലും വാര്‍ത്തയായി ഇടംപിടിച്ചിരുന്നു. റെഡ്ഡിറ്റില്‍ വന്ന ചില പോസ്റ്റുകളെ അധികരിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഊഹാപോഹങ്ങള്‍ ശക്തമായത്. ഇരുവരും ഒരു വര്‍ഷത്തിലേറെയായി ഡേറ്റിംഗില്‍ ആണെന്നായിരുന്നു റെഡ്ഡിറ്റിലെ ഒരു വൈറല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നത്. അടുത്തിടെ നടന്ന ഒരു പ്രൈവറ്റ് ഡിന്നറില്‍ കാവ്യയെയും അനിരുദ്ധിനെയും ഒരുമിച്ച് കണ്ടെന്ന് ഒരു ആരാധകന്‍ പറഞ്ഞതോടെയാണ് റെഡ്ഡിറ്റ് ഇത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകളുടെ വേദിയായത്. യുഎസിലെ ലാസ് വേഗാസില്‍ ഒരു വര്‍ഷം മുന്‍പ് ഇരുവരെയും ഒരുമിച്ച് കണ്ടെന്നായിരുന്നു മറ്റൊരാളുടെ അവകാശവാദം.
ഇരുവരുടെയും അടുപ്പത്തെക്കുറിച്ച് സാക്ഷാല്‍ രജനികാന്ത് കലാനിധി മാരനോട് സംസാരിച്ചുവെന്നുപോലും പ്രചരണം വന്നു. രജനികാന്തിന്‍റെ ഭാര്യ ലതയുടെ ബന്ധുവാണ് അനിരുദ്ധ്. വിവാഹക്കാര്യം ഇതിനകം ഉറപ്പിച്ചിട്ടുണ്ടെന്നും അണിയറയില്‍ അതിന്‍റെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നുമൊക്കെ പ്രചരണങ്ങള്‍ നീണ്ടു. ഇതിന്‍റെ അവസാനമാണ് പ്രതികരണവുമായി അനിരുദ്ധ് രവിചന്ദര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവും ശ്രദ്ധേയരായ സംഗീത സംവിധായകരില്‍ പ്രമുഖനാണ് അനിരുദ്ധ് രവിചന്ദര്‍. പാട്ടുകള്‍ക്കൊപ്പം മാസ് ചിത്രങ്ങള്‍ക്ക് അനിരുദ്ധ് നല്‍കുന്ന പശ്ചാത്തല സംഗീതവും എല്ലായ്പ്പോഴും പ്രേക്ഷക പ്രശംസ നേടാറുണ്ട്. അജിത്ത് കുമാര്‍ നായകനായ വിടാമുയര്‍ച്ചിയാണ് അനിരുദ്ധിന്‍റെ സംഗീത സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം. നടന്‍ രവി രാഘവേന്ദ്രയുടെയും നര്‍ത്തകി ലക്ഷ്മിയുടെയും മകനാണ് അനിരുദ്ധ്.