
മറ്റൊരു മലയാള സിനിമ കൂടി ഒടിടി റിലീസിന് ഒരുങ്ങുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ആസാദി ആണ് ആ ചിത്രം. ചിത്രം ജൂൺ 27ന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. മനോരമ മാക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. റിലീസ് ചെയ്ത് ഇരുപത്ത് എട്ടാം ദിവസമാണ് ആസാദി ഒടിടിയിൽ എത്തുന്നത്. മെയ് 23ന് ആയിരുന്നു ആസാദിയുടെ തിയറ്റർ റിലീസ്.
ടൈറ്റിലിൽ പറയുന്നത് പോലെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ചെയ്ത 'ആസാദി' പറഞ്ഞത്. സിനിമ തുടങ്ങുമ്പോൾ നായിക ജയിലിലാണ്. പാർട്ടി നേതാവിന്റെ മകനെ കുത്തിക്കൊന്ന കേസിലെ പ്രതി. പക്ഷേ അവൾ പൂർണ ഗർഭിണിയാണ്. പ്രസവിക്കാനായി അവളെ അതീവസുരക്ഷയിൽ ജയിലിലെത്തിക്കുന്നതോടെ സമാന്തരമായി മറ്റൊരു മിഷനും ആരംഭിക്കുകയായി. പൊലീസുകാരുടെ കണ്ണുവെട്ടിച്ച് അമ്മയെയും മകളെയും രക്ഷിക്കണം. അതിനായി ജീവിതത്തിൽ പല പരീക്ഷണങ്ങൾ നേരിടുന്ന പച്ചയായ മനുഷ്യരുടെ ഒരു പടപ്പുറപ്പാടാണ് പിന്നെ. നവാഗതനായ ജോ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്തത്.
മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് വീണ്ടും പൊലീസ് വേഷത്തിൽ എത്തിയ ചിത്രം കൂടിയായിരുന്നു ആസാദി. രവീണ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഡബ്ബിംഗ് താരം കൂടിയായ രവീണയുടെ ഫഹദ് ചിത്രമായ മാമന്നന് ശേഷമുള്ള മികച്ച കഥാപാത്രമായിരുന്നു ഇത്. സൈജു കുറുപ്പ്, വിജയകുമാർ, ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.