'പ്രേക്ഷക പ്രതികരണങ്ങളെ ഞാന്‍ എക്കാലവും വിലമതിച്ചിട്ടുണ്ട്'; പ്രതികരണവുമായി അഞ്ജലി മേനോന്‍

By Web TeamFirst Published Nov 16, 2022, 4:32 PM IST
Highlights

"കാണുന്ന സിനിമയെക്കുറിച്ച് നല്ലതോ മോശമോ ആയ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകര്‍ക്ക് ഉണ്ടെന്നാണ് എന്‍റെ വിശ്വാസം"

ചലച്ചിത്ര നിരൂപകര്‍ സിനിമയെന്ന മാധ്യമത്തില്‍ കൂടുതല്‍ അറിവ് നേടാന്‍ ശ്രമിക്കണമെന്ന സംവിധായിക അഞ്ജലി മേനോന്‍റെ അഭിപ്രായ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് ലാഗ് അനുഭവപ്പെട്ടു എന്ന നിരൂപക അഭിപ്രായം തന്നില്‍ ചിരിയാണ് സൃഷ്ടിക്കാറെന്നും ലാഗിനെക്കുറിച്ച് സംസാരിക്കുന്നവര്‍ സിനിമയിലെ എഡിറ്റിംഗ് എന്ന പ്രക്രിയയെക്കുറിച്ച് കുറച്ചെങ്കിലും അറിഞ്ഞിരിക്കണമെന്നും അഞ്ജലി പറഞ്ഞിരുന്നു. വിമര്‍ശനാത്മകമായാണ് അഞ്ജലിയുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി മേനോന്‍.

പ്രേക്ഷകരുടെ അഭിപ്രായ പ്രകടനങ്ങളെ എക്കാലവും ബഹുമാനിക്കുന്ന ആളാണ് താനെന്നും സാധാരണ പ്രേക്ഷകരെക്കുറിച്ചല്ല, നിരൂപകരുടെ കാര്യമാണ് ഉദ്ദേശിച്ചതെന്നും അഞ്ജലി മേനോന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് അഞ്ജലി മേനോന്‍റെ പ്രതികരണം. 

അഞ്ജലി മേനോന്റെ കുറിപ്പ്

ചലച്ചിത്ര നിര്‍മ്മാണ രീതിയെക്കുറിച്ചുള്ള അറിവ് പ്രൊഫഷണല്‍ ഫിലിം റിവ്യൂവിംഗിന് എങ്ങനെ ഗുണകരമാവുമെന്നാണ് ഞാന്‍ പറഞ്ഞത്. ചലച്ചിത്ര മാധ്യമ പ്രവര്‍ത്തക ഉദയ താര നായരുടെ റിവ്യൂവിംഗ് രീതിയെ ഞാന്‍ ഉദാഹരിക്കുകയും ചെയ്തിരുന്നു. പ്രേക്ഷകര്‍ തന്നെ കൌതുകകരവും വിശദവുമായ നിരൂപണങ്ങള്‍ എഴുതുന്ന സമയത്ത് പ്രൊഫഷണല്‍ നിരൂപകര്‍ അതിനും മേലെ ലക്ഷ്യം വെക്കണമെന്നും ഞാന്‍ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പ്രതികരണങ്ങളെയും നിരൂപണങ്ങളെയും എക്കാലവും ഞാന്‍ വിലമതിച്ചിട്ടുണ്ട്. കാണുന്ന സിനിമയെക്കുറിച്ച് നല്ലതോ മോശമോ ആയ അഭിപ്രായം പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും പ്രേക്ഷകര്‍ക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ക്കായി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണന്നാണ് ആ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞതും. ഇന്‍റര്‍വ്യൂവില്‍ ഞാന്‍ പറഞ്ഞതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാവാതിരിക്കാനാണ് ഈ കുറിപ്പ്. നന്ദി

അഭിമുഖത്തില്‍ അഞ്ജലി മേനോന്‍ പറഞ്ഞത്

പലപ്പോഴും നിരൂപകര്‍ക്ക് സിനിമയുടെ സാങ്കേതികതയെപ്പറ്റി അറിവുണ്ടാകില്ല. അത് അറിയേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ഒരു സിനിമ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന്. എനിക്ക് ഏറ്റവും ചിരി വരാറുള്ളത് സിനിമയ്ക്ക് ലാ​ഗ് ഉണ്ട് എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ്. എന്താണ് അത്? എഡിറ്റിം​ഗ് എന്ന പ്രക്രിയ എന്താണ്? അത് ആദ്യം കുറച്ചെങ്കിലും ഒന്ന് അറിഞ്ഞിരിക്കണം, ഇങ്ങനെയുള്ള അഭിപ്രായം പറയുന്നതിന് മുന്‍പേ. ഒരു സിനിമയുടെ പേസ് എന്തായിരിക്കണമെന്ന് ഒരു ഡയറക്ടര്‍ തീരുമാനിച്ചിട്ടുണ്ടാവുമല്ലോ. ഒരു ബന്ധവുമില്ലാത്ത രണ്ട് സിനിമകള്‍ താരതമ്യം ചെയ്‍തിട്ടൊക്കെ ഇവര്‍ സംസാരിക്കും. അത് അങ്ങനെയല്ല വേണ്ടത്. നല്ല നിരൂപണങ്ങള്‍ എനിക്ക് ഇഷ്ടമാണ്. അത് വളരെ പ്രധാനമാണ്. സിനിമാ നിരൂപണം എന്നത് ഞങ്ങള്‍ക്കൊക്കെ പഠിക്കാനുള്ള ഒരു വിഷയമായിരുന്നു. പക്ഷേ സിനിമയെന്ന മാധ്യമത്തെ മനസിലാക്കുക പ്രധാനമാണ്. നിരൂപണം നടത്തുന്ന ആളുകള്‍ സിനിമ എന്തെന്ന് കുറച്ചുകൂടി മനസിലാക്കിയിട്ട് സംസാരിക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ​ഗുണം ചെയ്യും. 

ALSO READ : 'ബ്രിട്ടീഷ് പൗരത്വ'ത്തില്‍ നിന്ന് തമിഴ് ഗ്രാമീണതയിലേക്ക് മമ്മൂട്ടി; 'നന്‍പകല്‍' പുതിയ സ്റ്റില്‍

സോഷ്യല്‍ മീഡിയ സിനിമാ​ഗ്രൂപ്പുകളില്‍ വളരെ മൂല്യവത്തായ ചര്‍ച്ചകളാണ് പലപ്പോഴും നടക്കാറ്. അത് വായിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ നമ്മള്‍ ചില കാര്യങ്ങള്‍ ഒളിപ്പിച്ചുവെക്കുമല്ലോ. അത് അവര്‍ മനസിലാക്കുന്നു എന്നറിയുമ്പോള്‍ വലിയ സന്തോഷമാണ്. നീളന്‍ നിരൂപണങ്ങളൊക്കെ എഴുതുന്നുണ്ട് ഇപ്പോള്‍ ആളുകള്‍. പ്രക്ഷകരില്‍ നിന്ന് നിരൂപകര്‍ വളര്‍ന്നു വരുമ്പോള്‍ നിരൂപകരും കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ മാധ്യമത്തെ ഒന്ന് മനസിലാക്കിയിട്ട് ചെയ്താല്‍ അത് എല്ലാവര്‍ക്കും നല്ലതല്ലേ..

click me!