'ബ്രിട്ടീഷ് പൗരത്വ'ത്തില്‍ നിന്ന് തമിഴ് ഗ്രാമീണതയിലേക്ക് മമ്മൂട്ടി; 'നന്‍പകല്‍' പുതിയ സ്റ്റില്‍

By Web TeamFirst Published Nov 16, 2022, 2:11 PM IST
Highlights

ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം

സമീപകാല മലയാള സിനിമയില്‍ തിരക്കഥകളുടെ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ ഏറ്റവുമധികം വൈവിധ്യം പുലര്‍ത്തുന്ന ഒരാള്‍ മമ്മൂട്ടിയാണ്. കഥയിലും ആഖ്യാനത്തിലും ഏറെ വ്യത്യസ്തമായ നാല് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയത്. അടുത്തതായി എത്താനിരിക്കുന്ന ചിത്രവും അത്തരത്തില്‍ തന്നെ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി നായകനാവുന്ന നന്‍പകല്‍ നേരത്ത് മയക്കം ആണ് ആ ചിത്രം. ചിത്രത്തിന്‍റെ ഒരു പുതിയ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തൊട്ടുമുന്‍പെത്തിയ റോഷാക്കില്‍ ബ്രിട്ടീഷ് പൌരത്വവും ദുബൈയില്‍ ബിസിനസുമുള്ള ലൂക്ക് ആന്‍റണി എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചതെങ്കില്‍ ലിജോ ചിത്രം തികഞ്ഞ തമിഴ് ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രവും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴെത്തിയിരിക്കുന്ന സ്റ്റില്ലും അങ്ങനെതന്നെ. 

Latest still from ❤️ pic.twitter.com/bbDeg7igwJ

— Mammootty Fans Club (@MammoottyFC369)

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍. ചിത്രത്തിനുവേണ്ടി കെ പി മുരളീധരന്‍ വരച്ച പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ALSO READ : 'ഗോള്‍ഡ്' എപ്പോള്‍ എത്തും? റിലീസ് തീയതി സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍

പൂര്‍ണ്ണമായും തമിഴ്നാട് പശ്ചാത്തലമാക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിലാണ് ആരംഭിച്ചത്. പഴനി ആയിരുന്നു പ്രധാന ലൊക്കേഷന്‍. ആ സമയത്ത് തമിഴ്നാട്ടില്‍ ഉണ്ടായിരുന്ന പ്രതികൂല കാലാവസ്ഥയെ മറികടന്ന് 28 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ലിജോ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

click me!