കെന്നഡിയുടെ കൊലപാതകം; പുതിയ അഭ്യൂഹം പരക്കുന്നു കാരണം 'ഓപ്പണ്‍ഹെയ്‍മര്‍' സിനിമ

Published : Jul 28, 2023, 08:20 AM IST
കെന്നഡിയുടെ കൊലപാതകം; പുതിയ അഭ്യൂഹം പരക്കുന്നു കാരണം 'ഓപ്പണ്‍ഹെയ്‍മര്‍' സിനിമ

Synopsis

ഇപ്പോഴിതാ കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച ഗൂഢാലോചന കഥയിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതിന് ഇടവരുത്തിയത് ലോകമെങ്ങും തകര്‍ത്തോടുന്ന ചലച്ചിത്രം 'ഓപ്പണ്‍ഹെയ്‍മറാണ്'.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ് യുഎസ് പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം. ജെഎഫ്കെ എന്ന് അറിയപ്പെടുന്ന കെന്നഡി 1963 ലാണ് വധിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തിനുശേഷം ഇതുമായി ബന്ധപ്പെട്ട് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പ്രചരിച്ചത്. ക്യൂബൻ ഗവൺമെന്‍റിന്‍റെ ഇടപെടല്‍ അടക്കം നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ ഓൺലൈനില്‍ ഇന്നും ചൂടേറിയ ചര്‍ച്ച വിഷയമാണ്. 2003-ൽ എബിസി ന്യൂസ് കെന്നഡിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യവുമായി യുഎസില്‍ ഒരു സര്‍വേ നടത്തി ഇതില്‍ 70 ശതമാനം അമേരിക്കക്കാരും കെന്നഡിയുടെ മരണം ഒരു വലിയ ഗൂഢാലോചനയുടെ ഫലമാണെന്ന് വിശ്വസിക്കുന്നു എന്നാണ് ഉത്തരം കിട്ടിയത്.

ഇപ്പോഴിതാ കെന്നഡിയുടെ കൊലപാതകം സംബന്ധിച്ച ഗൂഢാലോചന കഥയിലേക്ക് ഒന്നുകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. അതിന് ഇടവരുത്തിയത് ലോകമെങ്ങും തകര്‍ത്തോടുന്ന ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചലച്ചിത്രം 'ഓപ്പണ്‍ഹെയ്‍മറാണ്'. കഴിഞ്ഞ ജൂലൈ 21നാണ് ക്രിസ്റ്റഫര്‍ നോളന്‍റെ  ഓപ്പണ്‍ഹെയ്‍മര്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ആഗോള വ്യാപകമായി ചിത്രം നേടുന്നത്. ഒപ്പം തന്നെ ഇന്ത്യന്‍ ബോക്സോഫീസിലും ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. 

"കെന്നഡി കൊല്ലപ്പെട്ട ദിവസം ലൂയിസ് സ്ട്രോസ് എവിടെയായിരുന്നുവെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു" തുടങ്ങിയ തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കമന്‍റ് വരുന്നത്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു പുതിയ ഗൂഢാലോചന സിദ്ധാന്തത്തിലേക്കാണ് ക്രിസ്റ്റഫര്‍ നോളന്‍റെ സംവിധാനത്തില്‍ എത്തിയ 'ഓപ്പണ്‍ഹെയ്‍മര്‍' ക്ലൈമാക്സ് രംഗം വാതില്‍ തുറക്കുന്നത് എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ചില പാശ്ചത്യ സിനിമ സര്‍ക്കിളില്‍ തുടങ്ങി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

അമേരിക്കൻ അറ്റോമിക് എനർജി കമ്മീഷനിൽ രണ്ട് തവണ സേവനമനുഷ്ഠിച്ച ഒരു അമേരിക്കൻ വ്യവസായിയും നാവിക ഉദ്യോഗസ്ഥനുമായിരുന്നു ലൂയിസ് സ്ട്രോസ്. നോളന്‍റെ  'ഓപ്പണ്‍ഹെയ്‍മര്‍'  സിനിമയില്‍  റോബർട്ട് ഡൗണി ജൂനിയറാണ് സ്ട്രോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അയേണ്‍ മാന്‍, ഷെര്‍ലക് ഹോംസ് അടക്കം ഹോളിവുഡിലെ ഐക്കോണിക് കഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്‍ഡിജെ എന്ന് വിളിക്കുന്ന റോബർട്ട് ഡൗണി ജൂനിയറിന്‍റെ കരിയറിലെ തന്നെ ബെസ്റ്റ് പെര്‍ഫോമന്‍സ് എന്നാണ് സിനിമ വൃത്തങ്ങള്‍ ഈ റോളിനെ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡില്‍ അവസാനിക്കുന്ന കഥാപാത്രമാണ് ഇത്. അതിനാല്‍ തന്നെ മുകളില്‍ പറഞ്ഞ ഗൂഢാലോചന സിദ്ധാന്ത സാധ്യതകള്‍ അത് തുറന്നിടുന്നുണ്ട്.

സ്പോയിലര്‍ അലെര്‍ട്ട് ( സിനിമ കാണാന്‍ താല്‍പ്പര്യമുള്ളവര്‍ തുടര്‍ന്ന് വായിക്കേണ്ടതില്ല) 

ആറ്റം ബോംബിന്‍റെ പിതാവ് ആയി തീര്‍ന്ന ഓപ്പണ്‍ഹെയ്‍മര്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യുഎസില്‍ ഒരു ഹീറോയായിരുന്നു. എന്നാല്‍ ഓപ്പണ്‍ഹെയ്‍മറെ എങ്ങനെയാണ് ലൂയിസ് സ്ട്രോസ് തന്‍റെ വൈരാഗ്യത്തിന് ഇരയാക്കിയത് എന്ന് ചിത്രം വ്യക്തമാക്കുന്നുണ്ട്. ഓപ്പണ്‍ഹെയ്‍മറുടെ കരിയറും അദ്ദേഹത്തിന്‍റെ സത്യസന്ധതയും ചോദ്യം ചെയ്യുന്ന രീതിയില്‍ ഓപ്പണ്‍ഹെയ്‍മര്‍ക്കെതിരെ ആരോപണം ഉയര്‍ത്തുന്നതില്‍  വില്യം എൽ ബോർഡുമായി ചേര്‍ന്ന് ഇദ്ദേഹം പ്രവര്‍ത്തിച്ചുവെന്നാണ് സിനിമ കാണിക്കുന്നത്.  

വില്യം എൽ ബോർഡ് അതീവ രഹസ്യമായ  ഓപ്പണ്‍ഹെയ്‍മറുടെ സുരക്ഷ ഫയലുകള്‍ സെക്യുരിറ്റി ഏജന്‍സികള്‍ക്ക് നല്‍കിയത് വഴി ഓപ്പണ്‍ഹെയ്‍മര്‍ ഒരു സെക്യൂരിറ്റി ഹിയറിംഗിന് വിധേയനാകേണ്ടി വന്നു. ഇതിലൂടെ ഓപ്പണ്‍ഹെയ്‍മറിന് മുകളില്‍ കുറ്റമൊന്നും കണ്ടുപിടിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഔദ്യോഗിക ജീവിതം തന്നെ ഈ ഹിയറിംഗിലൂടെ അവസാനിച്ചുവെന്നാണ് ചിത്രം കാണിക്കുന്നത്. 

റിച്ചാർഡ് റോഡ്‌സിന്‍റെ ദ ഡാർക്ക് സൺ: ദി മേക്കിംഗ് ഓഫ് ദി ഹൈഡ്രജൻ ബോംബ് എന്ന പുസ്തകത്തില്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത് "ആ നടപടി ഓപ്പണ്‍ഹെയ്‍മറിന്‍റെ ആത്മാവിനെ തകർത്തു, അതിനുശേഷം അദ്ദേഹം ഒരിക്കലും പഴയ വ്യക്തിയായിരുന്നില്ല". 

എന്താണ്  ഓപ്പണ്‍ഹെയ്‍മറിനോട് ലൂയിസ് സ്ട്രോസിന് ഇത്ര വിരോധം തോന്നുവാന്‍ കാരണം എന്നും സിനിമ എടുത്ത് പറയുന്നുണ്ട്.  സ്ട്രോസിന്‍റെയും ഓപ്പണ്‍ഹെയ്‍മറുടെയും രാഷ്ട്രീയ ലോകവീക്ഷണങ്ങൾ എന്നും വൈരുദ്ധ്യം നിറഞ്ഞതായിരുന്നു.  ഓപ്പൺഹൈമർ എല്ലാവരുടെയും മുമ്പിൽ സ്ട്രോസിനെ പരിഹസിച്ചുകൊണ്ട് ഒരു പരാമര്‍ശം നടത്തി.  ആൽബർട്ട് ഐൻസ്റ്റീനും  സ്ട്രോസും തമ്മില്‍ പ്രശ്നം സൃഷ്ടിച്ചതില്‍ ഓപ്പൺഹൈമർ ഉത്തരവാദിയാണെന്ന് സ്ട്രോസ് വിശ്വസിച്ചു. ഇതൊക്കെയാണ് സിനിമയില്‍ കാണിക്കുന്നത്. 

എന്നാല്‍  ഓപ്പണ്‍ഹെയ്‍മറിനോട് നടത്തിയ വഞ്ചന പിന്നീട് ലൂയിസ് സ്ട്രോസിന് തിരിച്ചടിയായി എന്നാണ് ചിത്രം കാണിക്കുന്നത്.  ഐസൻഹോവർ  പ്രസിഡന്‍റായിരുന്ന കാലത്ത് വാണിജ്യ സെക്രട്ടറി സ്ഥാനത്തേക്ക് സ്ട്രോസിന്‍റെ പേര് നിര്‍ദേശിക്കപ്പെട്ടു. എന്നാല്‍ സെനറ്റ് ഹിയറിംഗില്‍ അദ്ദേഹത്തിന്‍റെ നിര്‍ദേശം തള്ളിപ്പോയി.  ഏകദേശം രണ്ട് മാസത്തെ ഹിയറിംഗില്‍ ഓപ്പണ്‍ഹെയ്‍മറിന്‍റെ  സെക്യൂരിറ്റി ഹിയറിംഗ് ലൂയിസ് സ്ട്രോസിന്‍റെ സെറ്റപ്പ് ആയിരുന്നു എന്ന് തെളിയുന്നതോടെയാണ് അദ്ദേഹത്തിന്‍റെ വഴി അടയുന്നത്. 1959ലെ ഈ തോല്‍വി സ്ട്രോസിന് വലിയ തിരിച്ചടിയായിരുന്നു. അന്ന് രണ്ട് സെനറ്റര്‍മാരുടെ വോട്ടാണ് സ്ട്രോസിന് വാണിജ്യ സെക്രട്ടറി  സ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമായത്. ഒന്ന് ജോണ്‍സന്‍ ലിന്‍ഡണും, രണ്ട് സാക്ഷാന്‍ ജോണ്‍ എഫ് കെന്നഡിയും. 

ഇത് സിനിമയിലെ ക്ലൈമാക്സില്‍ പറയുന്നുമുണ്ട്. ഇതോടെയാണ് പുതിയ ഗൂഢാലോചന സിദ്ധാന്തം പിറക്കുന്നത്. ഒരു പൊതുവേദിയില്‍ നിര്‍ദോഷ തമാശ പറഞ്ഞതിനാണ് ഓപ്പണ്‍ഹെയ്‍മറിനോട് ലൂയിസ് സ്ട്രോസ് അദ്ദേഹത്തിന്‍റെ സമാധാനം നശിപ്പിച്ച പ്രശ്നങ്ങളിലേക്ക് നയിച്ച ഗൂഢാലോചന നടത്തിയത്. അതിനാല്‍ താന്‍ ആഗ്രഹിച്ച അഭിമാന പദവി തട്ടിത്തെറിപ്പിച്ച കെന്നഡിയെ സ്ട്രോസ് വെറുതെവിടാന്‍ സാധ്യതയില്ലല്ലോ എന്നതാണ് ഗൂഢാലോചന സിദ്ധാന്തക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വാദം. എന്തായാലും ഈ വാദം നന്നായി യുഎസില്‍ പ്രചരിക്കുന്നുണ്ട്. കെന്നഡി കൊലപാതകത്തിന്‍റെ ചുരുളഴിയാത്ത രഹസ്യത്തിലേക്ക് ഒന്നുകൂടി സംഭാവന ചെയ്തിരിക്കുകയാണ് നോളന്‍ തന്‍റെ പുതിയ ചിത്രത്തിലൂടെ എന്നും പറയാം. 

ഓപ്പണ്‍ഹെയ്‍മര്‍ വളരെ മികച്ചതെന്ന് ജാവേദ് അക്തര്‍; ട്രോളിയ വ്യക്തിക്ക് ചുട്ട മറുപടി.!

ലൈം​ഗികബന്ധത്തിനിടെ ഭ​ഗവദ്‍​ഗീത വായിക്കുന്ന രം​ഗം; 'ഓപ്പണ്‍ഹെയ്‍മറി'ലെ സീനില്‍ ചര്‍ച്ച, വിവാദം
 

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍