
ഉള്ളടക്കം കൊണ്ട് വിവാദത്തിന് തിരികൊളുത്തിയ ഹിന്ദി ചിത്രം കേരള സ്റ്റോറി ചര്‍ച്ചയായിരിക്കെ മലയാളിയുടെ മതസൗഹാര്‍ദ്ദത്തിന് തെളിവായ ഒരു വിവാഹത്തിന്‍റെ വീഡിയോ പങ്കുവച്ച് എ ആര്‍ റഹ്‍മാന്‍. കായംകുളം ചേരാവള്ളി മുസ്‍ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്‍റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്‍മാന്‍ പങ്കുവച്ചത്. അഭിനന്ദനങ്ങള്‍, മനുഷ്യസ്നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയ്ക്കൊപ്പം റഹ്‍മാന്‍ ട്വീറ്റ് ചെയ്തു.
2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്‍ വച്ച് ഹൈന്ദവാചാരപ്രകാരം ഒരു വിവാഹം നടന്നത്. പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്‍റെയും ബിന്ദുവിന്‍റെയും മകളായ അഞ്ജുവിന്‍റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. 2019 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അശോകന്‍ മരണപ്പെട്ടിരുന്നു. മൂത്ത മകളായ അഞ്ജുവിന്‍റെ വിവാഹം നടത്താന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന് സഹായം നൽകാമെന്നല്ല ബിന്ദുവിനോട് പള്ളിക്കമ്മറ്റി അംഗങ്ങൾ പറഞ്ഞത്, മറിട്ട് വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ജമാഅത്ത് ആണ് ഒരുക്കിയത്. പള്ളിക്കമ്മറ്റിയുടെ ലെറ്റർ പാഡിലായിരുന്നു പ്രത്യേക വിവാഹക്ഷണക്കത്ത് തയ്യാറാക്കിയത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിച്ചത്. പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തു കമ്മിറ്റി.
അതേസമയം കേരള സ്റ്റോറിയുടെ റിലീസ് നാളെയാണ്. കേരളത്തില്‍ നിന്ന് 32,000 യുവതികളെ ഭീകരവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തെന്ന് ആദ്യം പറഞ്ഞിരുന്ന അണിയറക്കാര്‍ 32,000 എന്നത് പിന്നീട് യുട്യൂബ് വിശദീകരണത്തില്‍ മൂന്നായി ചുരുക്കിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ