
ചെന്നൈ: 'ദ കേരള സ്റ്റോറി' സിനിമ തമിഴ്‌നാട്ടിൽ നിരോധിക്കണമെന്ന് എസ്ഡിപിഐ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടു. തമിഴകത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതാണ് സിനിമയെന്നും ചിത്രം റിലീസ് ചെയ്താൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക് മാധ്യമങ്ങളോട് പറഞ്ഞു.
കേരള സ്റ്റോറി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീം സമൂഹത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. മുസ്ലീം സമുദായത്തെക്കുറിച്ച് നുണകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നു. മുസ്‌ലിം സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും പൊതുസമൂഹത്തിൽ ഭീതി ജനിപ്പിക്കുകയും ചെയ്യാനാണ് സിനിമയിലൂടെ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം ശക്തിപ്പെടുത്താനാണ് ഇത്തരം സിനിമകൾ ആസൂത്രണം ചെയ്ത് പുറത്തിറക്കുന്നതെന്നും മുബാറക് ആരോപിച്ചു.
വർഗീയ വിദ്വേഷവും മത സംഘർഷവും ഉണ്ടാക്കാനും സമാധാനാന്തരീക്ഷം തകർക്കാനുമാണ് ശ്രമിക്കുന്നത്. ന്യൂനപക്ഷ മുസ്ലീം സമുദായം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാതെ അപവാദം പ്രചരിപ്പിക്കുകയും സമാധാനം തകർക്കുകയും ചെയ്യുന്ന ഇത്തരം വ്യാജ രാഷ്ട്രീയ പ്രേരിത പ്രചരണ സിനിമകൾ നിരോധിക്കണമെന്നും മുബാറക് ആവശ്യപ്പെട്ടു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്നും പ്രദർശിപ്പിച്ചാൽ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.
Read More....'ദ കേരളാ സ്റ്റോറി' പ്രദർശനം; തമിഴ്നാട്ടിൽ ജാഗ്രതാ നിർദേശം, മുന്നറിയിപ്പ് സംഘർഷ സാധ്യത കണക്കിലെടുത്ത്
സിനിമ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് രഹസ്യാനേഷണ വിഭാഗം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിച്ചാൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തമിഴ്നാട് പൊലീസ് രഹസ്യാനേഷണ വിഭാഗമാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. സിനിമ പ്രദർശിപ്പിച്ചാൽ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബി ആർ അരവിന്ദാക്ഷൻ ആണ് സിനിമയ്ക്കെതിരെ ആദ്യം രംഗത്തെത്തിയത്. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്നതാണ് സിനിമ എന്ന് ചൂണ്ടിക്കാട്ടി കേരള ഡിജിപിക്കും തമിഴ്നാട് ഡിജിപ്പിക്കും അരവിന്ദാക്ഷൻ പരാതി നൽകിയിരുന്നു.