'ആ വീഡിയോ കോളില്‍ വിതുമ്പിക്കരയുന്ന മമ്മൂക്കയെ ഞാന്‍ കണ്ടു'; മമ്മൂട്ടിയുടെ ആത്മസൗഹൃദത്തെക്കുറിച്ച് ആന്‍റോജോസഫ്

By Web TeamFirst Published Sep 20, 2021, 2:03 PM IST
Highlights

"പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു"

ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ കെ ആര്‍ വിശ്വംഭരന്‍ ഐഎഎസ് ഏതാനും ദിവസം മുന്‍പാണ് അന്തരിച്ചത്. നടന്‍ മമ്മൂട്ടിയുടെ ആത്മസുഹൃത്തുക്കളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. ലോ കോളെജില്‍ നിന്ന് ആരംഭിച്ച ഇഴയടുപ്പമുള്ള സൗഹൃദം ഒരാളുടെ വിയോഗം വരേയ്ക്കും നീണ്ടു. പ്രിയസുഹൃത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കുടുംബത്തിനൊപ്പം മമ്മൂട്ടി എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കുമിടയിലുണ്ടായിരുന്ന ബന്ധത്തിന്‍റെ ആഴത്തെപ്പറ്റി പറയുകയാണ് ചലച്ചിത്ര നിര്‍മ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്‍റോ ജോസഫ്.

ആന്‍റോ ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സൗഹൃദം എന്ന വാക്കിന്‍റെ ആഴവും പരപ്പും കഴിഞ്ഞ ദിവസം വൈകിട്ട് നേരിട്ടറിഞ്ഞു. കെ ആര്‍ വിശ്വംഭരന്‍ സാറിനെ അവസാനമായി കണ്ടശേഷം വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു. ശബ്ദം ഇടറി. കെ ആര്‍ വിശ്വംഭരന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനോടായിരുന്നില്ല മമ്മൂക്കയുടെ സൗഹൃദം. ഒരുകാലം ഒരുമിച്ച് തോളില്‍ കയ്യിട്ട് നടന്ന, ഒരുമിച്ച് വെയിലും മഴയും കൊണ്ട, ഒരുമിച്ച് ചിരിച്ച, കരഞ്ഞ വിശ്വംഭരന്‍ എന്ന സുഹൃത്തിനോടായിരുന്നു. മമ്മൂക്ക പറഞ്ഞു: 'നാല്പത്തിയെട്ടുവര്‍ഷത്തെ ഒരുമിച്ചുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. ആ യാത്രയില്‍ ഒരാള്‍ നഷ്ടപ്പെട്ടു. എന്‍റെ ഉയര്‍ച്ചകളിലും താഴ്ചകളിലും വിശ്വംഭരന്‍ ഉണ്ടായിരുന്നു. എന്‍റെ വിജയങ്ങളും പരാജയങ്ങളും പ്രിയ ചങ്ങാതി അവന്‍റേതായി കണ്ടു. പലപ്പോഴും ഞാന്‍ വീണുപോയിട്ടുണ്ട്. അപ്പോള്‍ ഒരു കൈത്താങ്ങുമായി വിശ്വംഭരന്‍ കൂടെയുണ്ടായിരുന്നു. ഞാന്‍ വീണ്ടും എഴുന്നേല്കുന്നതും കൂടുതല്‍ ശക്തിയോടെ നടക്കുന്നതും കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിച്ചവരില്‍ ഒരാളും വിശ്വംഭരന്‍ തന്നെ. വിശ്വംഭരന്‍റെ കുടുംബത്തില്‍ ഞാനുണ്ടായിരുന്നു, എന്‍റെ കുടുംബത്തില്‍ വിശ്വംഭരനും. വിശ്വംഭരന്‍ ഇനിയില്ല...'  സന്തോഷവും സങ്കടവും പൊതിച്ചോറു പോലെ പങ്കിട്ട രണ്ട് സ്‌നേഹിതര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ശക്തിയാണ് കണ്ണീരുപ്പുള്ള ആ വാക്കുകളില്‍ തെളിഞ്ഞുകണ്ടത്. അത്രയും ആഴത്തില്‍ കൈകോര്‍ത്തുനില്‍ക്കുന്ന സൗഹൃദത്തിന്‍റെ വേരുകള്‍. രണ്ടു കൂട്ടുകാരുടെ ആത്മബന്ധത്തിന്‍റെ കലര്‍പ്പില്ലാത്ത കാഴ്ച. സംസാരത്തിനിടെ ദുബായിയില്‍ നിന്ന് മമ്മൂക്കയുടെയും വിശ്വംഭരന്‍ സാറിന്‍റെയും ആത്മസുഹൃത്ത് ഷറഫിന്‍റെ വീഡിയോ കോള്‍ വന്നു. വിതുമ്പി വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്. ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും.... അതില്‍ മമ്മൂക്ക നനഞ്ഞു. ഹൃദയം കൊണ്ട് അദ്ദേഹം പ്രിയ കൂട്ടുകാരന് വിടചൊല്ലുകയായിരുന്നു അപ്പോള്‍..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!