
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രശംസിച്ച് നിർമാതാവ് ആന്റോ ജോസഫ്. നിത്യാഭ്യാസികൾക്ക് പോലും അടിതെറ്റിയ വകുപ്പിൽ മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരൻ പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ട് പുതിയ ചുവടുകളോടെ മുന്നോട്ടു പോകുകയാണ്. കൊടിയുടെ നിറം നോക്കാതെയും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുമാണ് ശ്രീ.റിയാസിൻ്റെ തീരുമാനങ്ങളെന്നും ആന്റോ ജോസഫ് പറയുന്നു. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നമ്മുടെ നാടിന് വേണ്ടത് എന്തെന്ന് റിയാസ് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആന്റോ ജോസഫിന്റെ വാക്കുകൾ
വെല്ലുവിളികളുടെ കുണ്ടും കുഴിയും നിറഞ്ഞ, വിട്ടൊഴിയാത്ത ആരോപണങ്ങളുടെ കല്ലും മുള്ളും ചിതറിയ പാതകളാണ് എന്നും ഒരു പൊതുമരാമത്ത് മന്ത്രിയെ കാത്തിരിക്കുന്നത്. ഫയലുകളിൽ അടയിരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം മുതൽ 'ദേ... ദിപ്പം ശരിയാക്കിത്തരാം...' എന്ന് പറയുന്ന റോഡ് റോളർ മെക്കാനിക്കുകൾ വരെ വാഴുന്ന നിഗൂഢ വഴിയാണത്. നിത്യാഭ്യാസികൾക്ക് പോലും അടിതെറ്റിയ വകുപ്പ്. അവിടെ പി.എ.മുഹമ്മദ് റിയാസ് എന്ന ചെറുപ്പക്കാരൻ പ്രതീക്ഷകൾ സമ്മാനിച്ചു കൊണ്ട് ഓരോ ദിവസവും പുതിയ ചുവടുകളോടെ മുന്നോട്ടു പോകുന്ന കാഴ്ച ലക്ഷക്കണക്കായ കേരളീയരിലൊരുവനായി ഞാനും കാണുന്നു. കൊടിയുടെ നിറം നോക്കാതെയും, ഭരണ പ്രതിപക്ഷ ഭേദമില്ലാതെയുമാണ് ശ്രീ.റിയാസിൻ്റെ തീരുമാനങ്ങൾ. ജനം എന്ന പരമാധികാരിയെ ബഹുമാനിക്കുന്നു, അവർക്ക് വേണ്ടി നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത. പ്രതിപക്ഷത്തെ പരിഗണിച്ചും അവരുടെ വാക്കുകൾക്ക് വില കല്പിച്ചുമാണ് ശ്രീ. റിയാസ് മുന്നോട്ടു പോകുന്നത്. പ്രതിപക്ഷാംഗങ്ങളുടെ എണ്ണത്തിലല്ല, അവർ ഉയർത്തുന്ന ജനശബ്ദത്തിൻ്റെ കരുത്തിലാണ് കാര്യം എന്ന തിരിച്ചറിവ് ഒരു ഭരണാധികാരിക്ക് അവശ്യം വേണ്ടതാണ്. വി.ഡി.സതീശൻ നയിക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രഹര ശേഷി ഒരു പക്ഷേ മറ്റാരേക്കാൾ നന്നായി, വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്ന് വളർന്ന ശ്രീ. റിയാസിന് തിരിച്ചറിയാനാകും. ആ വിശാല കാഴ്ചപ്പാടിൻ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്ന് ഇന്നത്തെ പത്രങ്ങളിലുണ്ട്. റോഡുകൾ ടാർ ചെയ്ത ഉടൻ വെട്ടിപ്പൊളിക്കുന്ന സാഹചര്യം ഇല്ലാതാക്കുമെന്ന ശ്രീ.റിയാസിൻ്റെ പ്രഖ്യാപനം ചെറുതല്ലാത്ത സന്തോഷം തരുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ പണിത റോഡുകൾ പോലും ടാറിങ് ഉണങ്ങും മുമ്പ് കുഴി തോണ്ടുന്നതിന് നമ്മൾ എത്രയോ വട്ടം സാക്ഷികളായിട്ടുണ്ട്. വാട്ടർ അതോറിറ്റിക്കാർ മുതൽ കേബിളിടുന്നവർ വരെ പണി തീർന്ന റോഡുകളുടെ നെഞ്ചത്താണ് മൺവെട്ടിയിറക്കുന്നത്. അങ്ങേയറ്റം ക്രൂരമായ ഒരു വിനോദം. ഇങ്ങനെ വെട്ടിപ്പൊളിച്ചിട്ട റോഡുകളിൽ പൊലിഞ്ഞ ജീവനുകൾ അനവധിയാണ്. ഓരോ അപകടമുണ്ടാകുമ്പോഴും പ്രസ്താവനകൾ മാത്രം ബാക്കിയാകും. വീണ്ടും കഥ തുടരും. ഇതിന് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് റിയാസ് എന്ന മന്ത്രിയുടെ വാക്കുകളിലുണ്ട്. റോഡ് വെട്ടിപ്പൊളിക്കുന്നതിൽ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കുമെന്ന തീരുമാനം കേരളത്തെ സംബന്ധിച്ച് പുതുതാണ്, ആഹ്ലാദം പകരുന്നതാണ്. അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നമ്മുടെ നാടിന് വേണ്ടത് എന്തെന്ന് ശ്രീ.റിയാസ് തിരിച്ചറിഞ്ഞിരിക്കുന്നു. ജനാഭിലാഷങ്ങൾ ഒപ്പിയെടുക്കുന്ന കടലാസു പോലെയാകണം മന്ത്രിയുടെ മനസ്. ശ്രീ. റിയാസിന് അതുണ്ട്. പ്രിയപ്പെട്ട മന്ത്രീ..... ഉറച്ച കാൽവയ്പുകളോടെ മുന്നോട്ട് പോകുക..
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ