
അഖില്‍ സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. അഖിൽ സത്യനെന്ന പേര് ഇന്ന് വെള്ളിത്തിരയിൽ തെളിഞ്ഞു തുടങ്ങുമ്പോൾ മനോഹരമായൊരു കുടുംബചിത്രത്തിലെ ക്ലൈമാക്സ് രംഗം പോലെയാകുന്നു അത് എന്നാണ് നിര്‍മാതാവ് ആന്റോ ജോസ് എഴുതിയിരിക്കുന്നത്. അഖിലിന്റെ 'പാച്ചു'വും 'അത്ഭുതം' തെളിച്ചു തരുമെന്ന് ഉറപ്പ്. ഹിറ്റ് കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റേത് സംവിധായക കുടുംബമാകുന്ന കാഴ്‍ചയാണെന്നും ആന്റോ ജോസഫ് എഴുതുന്നു.
അഖിൽ സത്യനെന്ന പേര് ഇന്ന് വെള്ളിത്തിരയിൽ തെളിഞ്ഞു തുടങ്ങുമ്പോൾ മനോഹരമായൊരു കുടുംബചിത്രത്തിലെ ക്ലൈമാക്സ് രംഗം പോലെയാകുന്നു അത്. ഹിറ്റ് കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിന്റേത് സംവിധായക കുടുംബമാകുന്ന കാഴ്‍ച. സത്യൻ അന്തിക്കാടിന്റെ മൂന്ന് മക്കളിൽ ഇരട്ടക്കുട്ടികളാണ് അനൂപും അഖിലും. അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകനാകുകയാണ് 'പാച്ചുവും അത്ഭുതവിളക്കും ' എന്ന സിനിമയിലൂടെ.
അച്ഛന്റെ കളരിയിൽ പഠിച്ച മക്കൾക്ക് പിഴക്കില്ല. 'വരനെ ആവശ്യമുണ്ട് ' എന്ന കന്നി ചിത്രത്തിലൂടെ അനൂപ് അത് തെളിയിച്ചതാണ്. അഖിലിന്റെ 'പാച്ചു'വും 'അത്ഭുതം' തെളിച്ചു തരുമെന്ന് ഉറപ്പ്. മലയാളി കുടുംബങ്ങളുടെ മനസ്സിനെ അന്തിക്കാടൻ ഒപ്പുകടലാസിനോളം പകർത്തിയെടുത്ത മറ്റാരാണുള്ളത്. പഠിച്ച് മിടുക്കരായി ഉയർന്നജോലി നേടിയതിനു ശേഷമാണ് സത്യേട്ടന്റെ മക്കൾ സിനിമയിലേക്കിറങ്ങുന്നത്.
അച്ഛന്റെ വഴിയാണ് ഞങ്ങളുടേതും എന്ന തിരിച്ചറിവിലായിരുന്നിരിക്കണം അത്. അച്ഛൻ മുന്നേ നടക്കുമ്പോൾ അവരുടെ ചുവടുകൾ തെറ്റില്ല. സത്യേട്ടന്റെ മൂത്ത മകൻ അരുൺ എംബിഎ കഴിഞ്ഞ ശേഷം സിനിമ തിരഞ്ഞെടുക്കാതെ ബിസിനസ് രംഗത്താണ്. ഇവിടെയും സത്യൻ അന്തിക്കാട് സിനിമകൾ നമ്മുടെ മനസ്സിലേക്കെത്തുന്നു. ഈ നല്ല നിമിഷത്തിൽ ഞാൻ ഓർക്കുന്നത് മറ്റൊരാളെയാണ്. സത്യേട്ടന്റെ ഭാര്യയും അനൂപിന്റെയും അഖിലിന്റെയും അമ്മയുമായ നിർമല എന്ന നിമ്മിച്ചേച്ചിയെ. സത്യേട്ടൻ എഴുതിയ 'ഒരു നിമിഷം തരൂ നിന്നിലലിയാൻ' പാട്ടിലെ 'നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍' എന്ന വരികളിലെ നായിക. അന്തിക്കാട്ടെ വീട്ടിലും പറമ്പിലുമായി മറഞ്ഞു നിൽക്കുന്ന, ചേച്ചിയാണ് യഥാർഥത്തിൽ സത്യൻ അന്തിക്കാട് നായകനാകുന്ന കുടുംബകഥയിലെ ഏറ്റവും ഹൃദ്യമായ കഥാപാത്രം. ഭർത്താവും മക്കളും നേട്ടങ്ങളിലേക്ക് വളരുന്നത് തന്റേതായ ലോകത്തു നിന്നു കണ്ട് സന്തോഷിക്കുന്നയാൾ. മക്കളിൽ രണ്ടാമത്തെയാളും സംവിധായകനാകുന്ന ഈ പകലിലും നിമ്മിച്ചേച്ചി വാഴയിലത്തണലിനോ പടർന്നേറി നിൽക്കുന്ന പയർ വള്ളികൾക്കിടയിലോ ആയിരിക്കും. അതാണ് നല്ല കൃഷിക്കാരിയായ അവരുടെ സന്തോഷം. അവിടത്തെ തോട്ടത്തിലെ നൂറുമേനി പോലെ അഖിലിന്റെ സിനിമയും പൊലിക്കട്ടെ. ഒരിക്കൽക്കൂടി വിജയാശംസകളെന്നും ആന്റോ ജോസഫ് സാമൂഹ്യ മാധ്യമത്തില്‍ എഴുതുന്നു.
Read More: ഗംഭീര ടൈം ട്രാവലര്‍, 'മാര്‍ക്ക് ആന്റണി' ടീസര്‍ പുറത്തുവിട്ടു
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ