
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ നിന്നുള്ള ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. തമിഴ് ജനതയ്ക്കിടയില്‍ വലിയ ജനപ്രീതി നേടിയ ഇതേപേരിലുള്ള കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണി രത്നം ഒരുക്കിയ ഫ്രാഞ്ചൈസി. ബിഗ് സ്ക്രീനില്‍ മുന്‍പും പ്രേക്ഷകര്‍ക്ക് മികവുറ്റ അനുഭവങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്‍ തന്‍റെ ഡ്രീം പ്രോജക്റ്റ് എന്ന് വിശേഷിപ്പിച്ച ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. നീണ്ട താരനിരയും കൂടി ചേര്‍ന്നപ്പോള്‍ ലഭിച്ച വന്‍ പ്രീ റിലീസ് ഹൈപ്പിനെ സാധൂകരിക്കാന്‍ കഴിഞ്ഞതോടെ ആദ്യഭാഗം വന്‍ മൗത്ത് പബ്ലിസിറ്റി നേടി വിജയമായി മാറി. ഇപ്പോഴിതാ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്.
പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ഇല്ലാത്തതിനാല്‍ തമിഴ്നാട്ടില്‍ രാവിലെ 9 നാണ് ആദ്യ ഷോകള്‍ ആരംഭിക്കുന്നത്. എന്നാല്‍ കേരളമുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രധാന സെന്‍ററുകളില്‍ പുലര്‍ച്ചെ 5 നും 6 നുമൊക്കെ ആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിച്ചിരുന്നു. യുഎസില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 നും ആദ്യ ഷോകള്‍ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ എത്തിയിരിക്കുകയാണ്. പൊതുവെ പോസിറ്റീവ് അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും റിവ്യൂവേഴ്സില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ആദ്യഭാഗം പോലെ തന്നെ പിഎസ് 2 ലും മണി രത്നം തിരക്ക് കൂട്ടാതെയാണ് കഥ പറയുന്നതെന്നും മോശമായ ഒരു കഥാപാത്രം പോലുമില്ലെന്നും മൂവിക്രോ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നു. കല്‍ക്കിയുടെ വീക്ഷണത്തോട് നീതി പുലര്‍ത്താനുള്ള മണി രത്നത്തിന്‍റെ ആത്മാര്‍ഥമായ ശ്രമം ചിത്രത്തില്‍ കാണാമെന്നും മൂവിക്രോ കുറിക്കുന്നു. ചിത്രത്തിന്‍റെ ആദ്യ 15 മിനിറ്റ് അതിഗംഭീരമാണെന്നാണ് സികെ റിവ്യൂ എന്ന പേരില്‍ നിരൂപണങ്ങള്‍ എഴുതുന്ന വ്യക്തിയുടെ അഭിപ്രായം. നന്ദിനി- കരികാലന്‍ ഏറ്റവുമുട്ടലാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വിക്രം സ്കോര്‍ ചെയ്യുന്നു. കാര്‍ത്തിയും ഐശ്വര്യ റായ്‍യും കൊള്ളാം. ജയം രവി പിന്തുണയ്ക്കുന്നു. സംഗീതം നന്നായി ചേര്‍ന്നുപോകുന്നു. മികച്ച കലാസംവിധാനം. പതിയെയുള്ള കഥപറച്ചില്‍. രോമാഞ്ചമുണ്ടാക്കുന്ന അധികം മുഹൂര്‍ത്തങ്ങള്‍ ഇല്ലെങ്കിലും കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ചിത്രം. വൃത്തിയുള്ള ഒരു പിരീഡ് ഡ്രാമ, എന്നാണ് സികെ റിവ്യൂവിന്‍റെ ട്വീറ്റ്.
ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് ഈ ചിത്രം എന്നാണ് മറ്റൊരു പ്രേക്ഷകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ബാഹുബലി 2 നേക്കാള്‍ മികച്ച ചിത്രമാണ് ഇതെന്നും കുസ്‍കിതല വി 6 എന്ന അക്കൗണ്ടില്‍ നിന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. യുഎസ് പ്രീമിയറുകളില്‍ നിന്ന് ഇന്ത്യന്‍ സിനിമകള്‍ റിവ്യൂ ചെയ്യുന്ന ഹാന്‍ഡില്‍ ആയ വെങ്കി റിവ്യൂസില്‍ നിന്നും ചിത്രത്തിന് ആവറേജ് അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. പല ഭാഗങ്ങളില്‍ വര്‍ക്ക് ആയിട്ടുള്ള, മൊത്തത്തില്‍ തൃപ്തികരമായ അനുഭവം പകരുന്ന പിരീഡ് ഡ്രാമയാണ് പിഎസ് 2. മികച്ച കലാസംവിധാനത്തിനും ഗാനങ്ങള്‍ക്കുമൊപ്പം കൊള്ളാവുന്ന നാടകീയതയും ചിത്രത്തിന് മിക്ക ഭാഗങ്ങളിലും ഉണ്ട്. പക്ഷേ ചിത്രത്തിന്‍റെ പതിഞ്ഞ താളം ചിലയിടങ്ങളില്‍ വിനയാവുന്നുണ്ടെന്നും സികെ റിവ്യൂസ് കുറിക്കുന്നു. കുറച്ചുകൂടി മുറുക്കി എഡിറ്റ് ചെയ്യാമായിരുന്നുവെന്നും.
ALSO READ : അങ്ങനെ പോകില്ല മാമുക്കോയ; 'ഗഫൂർക്ക ദോസ്‍ത്' അടുത്തയാഴ്ച വീണ്ടും വരും!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ