'പിന്നെ, നമ്മുടെ എമ്പുരാനെ ഒന്ന് പ്രത്യേകം നോക്കിക്കോണേ'; പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിനോട് ആന്‍റണി

By Web TeamFirst Published Oct 16, 2020, 11:39 AM IST
Highlights

പിറന്നാള്‍ ആശംസയ്ക്കിടയില്‍ തങ്ങളുടെ പുതിയ ചിത്രം 'എമ്പുരാനെ'ക്കുറിച്ച് പൃഥ്വിയെ ഓര്‍മ്മിപ്പിക്കാന്‍ ആന്‍റണി പെരുമ്പാവൂര്‍ മറന്നില്ല

പിറന്നാള്‍ ദിനത്തില്‍ പൃഥ്വിരാജിന് ആശംസകളുമായി സിനിമയിലെ സഹപ്രവര്‍ത്തകര്‍. പൃഥ്വിരാജിന്‍റെ ഫാന്‍സ് അസോസിയേഷനുകളായ എകെപിഎഫ്സിഡബ്ല്യുഎയും പൊഫാക്ഷ്യോയും സംയുക്തമായി പുറത്തിറക്കിയ ആശംസാ വീഡിയോ മോഹന്‍ലാല്‍ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. മോഹന്‍ലാലില്‍ തുടങ്ങി ആന്‍റണി പെരുമ്പാവൂരില്‍ അവസാനിക്കുന്ന വീഡിയോ വീഡിയോയില്‍ രഞ്ജിത്ത്, ജയറാം, മഞ്ജു വാര്യര്‍, ടൊവീനോ തോമസ്, അജു വര്‍ഗീസ് തുടങ്ങി അന്തരിച്ച സംവിധായകന്‍ സച്ചി വരെ (പഴയ അഭിമുഖം) അണിനിരക്കുന്നുണ്ട്.

"ഹാപ്പി ബര്‍ത്ത്ഡേ മോനേ, ഒരുപാട് സന്തോഷം. ഒരുപാട് പ്രാര്‍ഥന. വലിയ വലിയ സിനിമകള്‍ ചെയ്ത് വലിയ ഒരാളാകാന്‍ ഈശ്വരന്‍ മോനെ സഹായിക്കട്ടെ. നമുക്ക് ഒന്നിച്ച് മുന്നോട്ട് നീങ്ങി വലിയ വലിയ സിനിമകള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഹാപ്പി ബര്‍ത്ത്ഡേ, ഒരു ഗംഭീര വര്‍ഷമാവട്ടെ ഇത്", എന്നാണ് മോഹന്‍ലാലിന്‍റെ പിറന്നാളാശംസ.

അതേസമയം പിറന്നാള്‍ ആശംസയ്ക്കിടയില്‍ തങ്ങളുടെ പുതിയ ചിത്രം 'എമ്പുരാനെ'ക്കുറിച്ച് പൃഥ്വിയെ ഓര്‍മ്മിപ്പിക്കാന്‍ ആന്‍റണി പെരുമ്പാവൂര്‍ മറന്നില്ല. "ഹാപ്പി ബര്‍ത്ത്ഡേ, എല്ലാവിധ ആശംസകളും നേരുന്നു. എല്ലാ പ്രാര്‍ഥനകളുമുണ്ട്. എല്ലാ നല്ല ചിന്തകളുമുണ്ടാകട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും നേരുന്നു. പിന്നേ, നമ്മുടെ എമ്പുരാനെ ഒന്ന് പ്രത്യേകം നോക്കിക്കോളണം കേട്ടോ. അതിനുവേണ്ടി എല്ലാ ആശംസകളും", എന്നായിരുന്നു ആന്‍റണിയുടെ വാക്കുകള്‍. പിറന്നാള്‍ ആശംസകള്‍ക്കിടയില്‍ എമ്പുരാന്‍റെ കാര്യം പറയുന്ന ആന്‍റണിയെ അത്ഭുതത്തോടെ നോക്കുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. പിന്നീട് അദ്ദേഹത്തിന്‍റെ മുഖത്ത് ഒരു ചിരി വിടരുന്നതും വീഡിയോയില്‍ കാണാം. 

click me!