ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ സീക്രട്ട് റൂമിൽ നിന്നും തിരിച്ചെത്തിയ അഞ്ജലിയും മൃദുലയും തങ്ങളുടെ ഗെയിം കൂടുതൽ ശക്തമാക്കി. ബിഗ് ബോസ് നൽകിയ പ്രത്യേക ടാസ്കിന്റെ ഭാഗമായി, നോബിയുടെ സ്വാർത്ഥതയും കൃത്രിമ സ്വഭാവവും അഞ്ജലി മറ്റ് മത്സരാർത്ഥികൾക്ക് മുന്നിൽ കൃത്യമായി തുറന്നുകാട്ടി.
ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുപ്പത്തിമൂന്നാം ദിവസം വലിയ രീതിയിലുള്ള മത്സരമാണ് വീട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സീക്രട്ട് റൂമിലായിരുന്ന അഞ്ജലിയും മൃദുലയും വീട്ടിലേക്ക് തിരിച്ചെത്തുകയുണ്ടായി. വീട്ടിലേക്ക് റീ എൻട്രി ഉണ്ടായതിന് പിന്നാലെ അഞ്ജലി ഹൗസിൽ കത്തിക്കയറുകയാണ്. വീട്ടിലെത്തിയതിന് പിന്നാലെ നോബിക്കെതിരെ കൃത്യമായി കളിക്കുന്ന അഞ്ജലിയെയും മൃദുലയെയും ആണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയുന്നത്.
ബിഗ് ബോസ് പ്രേക്ഷകർ കണ്ണും നട്ട് കാത്തിരുന്ന എക്സ്പോസിങ് ആയിരുന്നു ഇന്നത്തേത്. നോബിയെ മത്സരാർത്ഥികളുടെ മുന്നിൽ എക്സ്പോസ് ചെയ്യുന്ന അഞ്ജലിയെയാണ് കാണുന്നത്. സീക്രട്ട് റൂമിൽ നിന്നും ഹൗസിലേക്ക് തിരിച്ചെത്തിയ അഞ്ജലി നോബിക്കിട്ട് പണി തുടങ്ങിയിട്ടുണ്ട്. മാസ്കിട്ടുകൊണ്ട് ഗെയിം കളിക്കുകയും ആളുകളെ മാനിപുലേറ്റ് ചെയ്യുകയും ചെയ്യുന്ന ഒരു മത്സരാർത്ഥിയെ തെരഞ്ഞെടുക്കാനും അയാളുടെ യഥാർത്ഥ മുഖം സഹ മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ബിഗ് ബോസ് അഞ്ജലിയ്ക്ക് കൊടുത്തത്. അഞ്ജലി തെരഞ്ഞെടുത്തത് നോബിയെ ആയിരുന്നു.
ആദ്യം മുതലേ അഞ്ജലിയ്ക്ക് നോബിയെ ഒരു നോട്ടമുണ്ടായിരുന്നു. നോബി സ്വാർത്ഥനാണെന്നും ഗെയിം കളിക്കാൻ വേണ്ടി ആളുകളെ മാനിപുലേറ്റ് ചെയ്യാൻ അവൻ ശ്രമിക്കുമെന്നും അഞ്ജലിയ്ക്ക് ഏറെക്കുറെ വ്യക്തമായതാണ്. സീക്രട്ട് റൂമിലിരുന്നുകൊണ്ട് എല്ലാവരുടെയും തന്ത്രങ്ങൾ മനസ്സിലാക്കിയ അഞ്ജലി കച്ചകെട്ടിയാണ് ഹൗസിലേക്ക് തിരിച്ചെത്തിയത്. അഞ്ജലിയുടെ ഇതുവരെ കാണാത്ത ഒരു മുഖമാണ് മത്സരാര്ഥികളെല്ലാം ഇന്ന് കണ്ടത്. നോബിയുടെ മാനിപ്പുലേഷൻ എണ്ണിയെണ്ണിപ്പറയുന്ന അഞ്ജലി.
നോബിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന മൃദുല ഹൗസിൽ നിന്നും മാസ് എവിക്ഷൻ വഴി പുറത്തായപ്പോൾ അയ്യോ മൃദുല ചേച്ചി പോയി എന്നും പറഞ്ഞ് കരഞ്ഞിരുന്നു നോബി ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോഴേക്കും ബാക്കിയുള്ളവരുടെ കൂടെ കൂടി ചിരിക്കാനും കളിക്കാനുമൊക്കെ തുടങ്ങി. വൈൽഡ് കാർഡ് വന്നതോടെ കൂടുതൽ ഒട്ടൽ അങ്ങോട്ടായി. പ്രത്യേകിച്ചും നിലീനയുമായി. മിട്ടായി ടാസ്ക് ബിഗ് ബോസ് നൽകിയപ്പോൾ ഒരു ഓഫർ കൂടി ബിഗ് ബോസ് മത്സരാർത്ഥികൾക്കായി നൽകിയിരുന്നു. ഏറ്റവുമവസാനം ആരുടെ കയ്യിലാണോ ഏറ്റവുമധികം മിട്ടായി പോയിന്റ് ഉള്ളത് അവർക്ക് ഒന്നുങ്കിൽ രണ്ടാഴ്ചത്തേക്ക് നോമിനേഷൻ ഫ്രീയാവാം , അല്ലെങ്കിൽ ഹൗസിൽ നിന്നും എവിക്റ്റായി പോയ ഒരാളെ തിരിച്ച് കൊണ്ടുവരാം. സഹമത്സരാര്ഥികളുമായുള്ള നോബിയുടെ സംസാരത്തിനിടയ്ക്ക് മൃദുല ചേച്ചി വന്നാലും വെറും രണ്ടാളാഴ്ച കൂടിയേ നിൽക്കുള്ളു എന്ന് വന്നിരുന്നു. ഇക്കാര്യം മൃദുലയും അഞ്ജലിയും സീക്രട്ട് റൂമിലിരുന്ന് കൃത്യമായി നോട്ട് ചെയ്തിരുന്നു. മാത്രമല്ല ഏറ്റവും അവസാനം വൈൽഡ് കാർഡുകളിൽ മികച്ചു നിൽക്കുന്ന ഒരാൾക്ക് സ്റ്റാർ റേറ്റിംഗ് നൽകിയപ്പോൾ ഇവിടെ നിന്നും പോയി തിരിച്ചെത്തിയ രണ്ടുപേരേക്കാൾ മികച്ചതാണ് വന്ന വൈൽഡ് കാർഡ് എന്ന പരാമർശവും നോബി പറയുകയുണ്ടായി. അതോടെ നോബിയുടെ തനി നിറം പുറത്തായി . നോബി ഇപ്പോൾ പറയുന്നതല്ല കുറച്ച് കഴിഞ്ഞ് പറയുക എന്നും ഒരാളോട് ഇയാൾ വീകെന്ന് പറഞ്ഞ് മറ്റൊരാളോട് പോയി ഇയാൾ സ്ട്രോങ്ങ് എന്ന് തിരുത്തി പറയുന്ന സ്വഭാവവും നോബിക്ക് ഉണ്ടെന്നും അഞ്ജലി ഹൗസ് മേറ്റുകൾക്ക് മുന്നിൽ തുറന്നടിച്ചു. സത്യത്തിൽ അഞ്ജലിയുടെ ഡയലോഗുകൾക്ക് മുന്നിൽ നോബിക്ക് പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ് പ്രേക്ഷകർ കണ്ടത്. സത്യത്തിൽ നോബി കരച്ചിലിന്റെ വക്കത്ത് ആയിരുന്നു. എങ്ങനെയോ പിടിച്ച് നിന്ന് മറുപടികൾ പറയാൻ നോബി ശ്രമിച്ചുകൊണ്ടേയിരുന്നു. എങ്കിൽ പോലും ഒരു പരിധി കഴിഞ്ഞപ്പോൾ നോബി കീഴടങ്ങിയ മട്ടായിരുന്നു. കൂട്ടത്തിൽ കൊമ്പന്റെ വക പാട്ടുപാടിക്കൊണ്ട് നല്ല കൊട്ടും. നോബി പടമായി . ജനസഭയിൽ എൽദോയെയും അഞ്ജലി വലിച്ചുകീറുന്ന കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡിൽ കണ്ടത്.
എന്തയാലും അഞ്ജലിയ്ക്ക് ബിഗ് ബോസ് നൽകിയ ടാസ്ക് ഏതാണ്ട് ഫുൾ ഫിൽ ചെയ്ത മട്ടാണുള്ളത്. നോബിയുടെ യഥാർത്ഥ മുഖം പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടാൻ അഞ്ജലിയ്ക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ കൂടി വീക്കെൻഡ് എപ്പിസോഡിലെത്തി എല്ലാത്തിനെയും ഒന്ന് പിരിക്കാൻ കാത്തിരിക്കുകയാണ് ഇപ്പോൾ ബിബി ആരാധകർ.


