
താരസംഘടനയായ 'അമ്മ'യില്‍ (AMMA) അംഗത്വമെടുത്ത് നിര്‍മ്മാതാവും നടനുമായ ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor). മലയാളത്തിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളിലൊന്നായ ആശിര്‍വാദ് സിനിമാസിന്‍റെ (Aashirvad Cinemas) സാരഥിയായ ആന്‍റണി ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രം 1991 ചിത്രം 'കിലുക്ക'മാണ്. തുടര്‍ന്ന് 'മരക്കാര്‍' വരെ മോഹന്‍ലാല്‍ നായകനായ 27 ചിത്രങ്ങളിലും പ്രണവ് മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്‍റണി ഇതിനകം അഭിനയിച്ചു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് ആന്‍റണി സംഘടനയില്‍ അംഗത്വം എടുത്തത്.
2000ല്‍ പുറത്തെത്തിയ നരസിംഹമാണ് ആശിര്‍വാദ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് മോഹന്‍ലാല്‍ നായകനായ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ആശിര്‍വാദിന്‍റേതായി പുറത്തെത്തി. നിലവില്‍ മോഹന്‍ലാല്‍ നായകനാവുന്ന എല്ലാ സിനിമകളും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് ആണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തിലെത്തിയ 100 കോടി ബജറ്റ് ചിത്രം മരക്കാര്‍ ആണ് ഈ നിര്‍മ്മാണ കമ്പനിയുടേതായി പ്രദര്‍ശനത്തിനെത്തിയ അവസാന ചിത്രം. ഷാജി കൈലാസ് മോഹന്‍ലാല്‍ നായകനാക്കി ഒരുക്കുന്ന എലോണ്‍ ആശിര്‍വാദിന്‍റെ 30-ാം ചിത്രമാണ്. മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട്, 12ത്ത് മാന്‍, ബ്രോ ഡാഡി, മോണ്‍സ്റ്റര്‍, എമ്പുരാന്‍ എന്നിവയുടെയെല്ലാം നിര്‍മ്മാണം ആശിര്‍വാദ് തന്നെയാണ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം ബറോസ് നിര്‍മ്മിക്കുന്നതും ഈ ബാനര്‍ തന്നെ.
നിര്‍മ്മാണക്കമ്പനിയായ ആശിര്‍വാദിന് കേരളത്തിലെ പല ഭാഗങ്ങളിലായി മള്‍ട്ടിപ്ലെക്സ് ശൃംഖലയുമുണ്ട്. അതേസമയം തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്‍റെ പ്രസിഡന്‍റ് ആയും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ മരക്കാര്‍ റിലീസ് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ നിന്നും ആന്‍റണി രാജി വച്ചിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ