മലപ്പുറത്ത് സെവന്‍സ് കളിക്കാന്‍ ആന്റണി; 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്' വരുന്നു

By Web TeamFirst Published Jul 21, 2019, 4:08 PM IST
Highlights

ഹിഷാം എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പ്രമുഖ ക്ലബ്ബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്.
 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസി'ലൂടെ മികച്ച അരങ്ങേറ്റം ലഭിച്ച നടനാണ് ആന്റണി വര്‍ഗീസ്. എന്നാല്‍ 'അങ്കമാലി'യുടെ വിജയത്തിന് ശേഷവും ശ്രദ്ധയോടെ തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. ലിജോയുടെ ഒപ്പം പ്രവര്‍ത്തിച്ച ടിനു പാപ്പച്ചന്‍ സ്വതന്ത്ര സംവിധായകനായ 'സ്വാതന്ത്ര്യം അര്‍ധരാത്രിയിലും' ലിജോയുടെ തന്നെ പുറത്തുവരാനിരിക്കുന്ന 'ജെല്ലിക്കെട്ടും'. ഇപ്പോഴിതാ 'ജെല്ലിക്കെട്ടി'ന് ശേഷമുള്ള തന്റെ അടുത്ത ചിത്രവും അനൗണ്‍സ് ചെയ്തിരിക്കുകയാണ് ആന്റണി. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഒരു കളിക്കാരനാണ് ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രം.

നവാഗതനായ നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്' എന്നാണ്. ഹിഷാം എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു പ്രമുഖ ക്ലബ്ബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്. 'ആനപ്പറമ്പ്' എന്ന സാങ്കല്‍പിക ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും മലപ്പുറമാണ് ലൊക്കേഷന്‍.

നേരത്തേ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത 'കുട്ടന്‍പിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്നു നിഖില്‍ പ്രേംരാജ്. ബാലു വര്‍ഗീസ്, മനോജ് കെ ജയന്‍, സൗജു കുറുപ്പ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെപ്റ്റംബറില്‍ മലപ്പുറത്ത് ചിത്രീകരണം ആരംഭിക്കും.

click me!