മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും 19 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട വമ്പൻ അപ്‌ഡേറ്റാണ് ഫഹദ് ഫാസിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. Fahadh Faasil
പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ്. ഏപ്രിൽ 23 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങീ വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ പേട്രിയറ്റിൽ താനാണ് വില്ലനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. അതുപോലെ ജിത്തു മാധവൻ ചിത്രം ആവേശം 2 ഒരുങ്ങുന്നുണ്ടെന്നും ഫഹദ് പറയുന്നു, ആവേശം രണ്ടാം ഭാഗം അടുത്ത വർഷമോ, 2028 ലോ വരുമെന്നാണ് ഫഹദ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്. വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ടതോടെ ആരാധകർ ഒന്നടങ്കം ആവേശത്തിലാണ്.
വമ്പൻ ബഡ്ജറ്റിൽ പേട്രിയറ്റ്
മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതുവർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധേയമായിരുന്നു.വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണമായിരുന്നു പേട്രിയറ്റിന് ഉണ്ടായിരുന്നത്. ടേക്ക് ഓഫ്,മാലിക് എന്നീസിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരയാണ്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഇതിൽ ഒന്നിക്കുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും പുറമേ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ.
ഇവരെക്കൂടാതെ ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും പേട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്. ഇന്ത്യയിലെ വൻനഗരങ്ങളായ ഡൽഹി,മുംബൈ,ഹൈദ്രാബാദ്,കൊച്ചി എന്നിവിടങ്ങളാണ് ഈ സിനിമയ്ക്ക് ലൊക്കേഷനായത്.



