'ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ആയിരുന്നില്ല അത്'; അശ്ലീല കമന്‍റ് ഇട്ടയാളുടെ പ്രതികരണത്തെക്കുറിച്ച് അപര്‍ണ

By Web TeamFirst Published Jun 16, 2020, 7:44 PM IST
Highlights

'എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്‍റ് ചെയ്തു എന്ന് മാത്രമായിരുന്നു. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്‍റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്‍റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി..'

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും നേരിടുന്ന അധിക്ഷേപത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട് യുവതലമുറ നടിമാരില്‍ പലരും. ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ വന്ന അധിക്ഷേപകരമായ കമന്‍റിനെക്കുറിച്ച് നടി അപര്‍ണ നായര്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ, പരാതി നല്‍കിയിരുന്നതനുസരിച്ച് സൈബര്‍ സെല്ലില്‍ നിന്നു വിളിപ്പിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ച് പറയുകയാണ് അപര്‍ണ. കമന്‍റ് ചെയ്‍ത ആളെ അവിടെവച്ചു കണ്ടെന്നും അയാള്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ചും അപര്‍ണ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അപര്‍ണ ഇക്കാര്യം പറയുന്നത്.

അപര്‍ണ നായര്‍ പറയുന്നു

അജിത്കുമാർ വിഷയവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട എഡിജിപി മനോജ്‌ എബ്രഹാം സാറിന് ഒരു പരാതി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലിന്‍റെ അന്വേഷണം ഉണ്ടാവുകയും ഇന്നു രാവിലെ സൈബർ സെൽ ഓഫിസിലേക്ക് രണ്ടുപേരെയും വിളിപ്പിക്കുകയും ചെയ്തു. സൈബർ സെൽ ഓഫീസിൽ കൃത്യസമയം എത്തിയ ഞാൻ ഒരുമണിക്കൂറോളം അജിത് കുമാറിനെ കാത്തുനിന്ന ശേഷം അദ്ദേഹം എത്തുകയും ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ച് സംസാരിക്കുകയും ചെയ്തു. എനിക്ക് ആകെ ചോദിക്കാൻ ഉണ്ടായിരുന്ന ചോദ്യം എന്തിന് അങ്ങനെ കമന്‍റ് ചെയ്തു എന്ന് മാത്രമായിരുന്നു. സോഷ്യൽ മീഡിയയിൽ രാഷ്ട്രീയപരമായ കമന്‍റുകളും മറ്റും ചെയ്യാറുണ്ടെന്നും, സമാനമായ രീതിയിൽ കമന്‍റ് ചെയ്തു പോയതാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി, എന്താല്ലേ... !!!

എന്തായാലും പ്രസ്തുത വ്യക്തിയുടെ കുടുംബത്തെയും അദ്ദേഹത്തിന്‍റെ സാമ്പത്തികാവസ്ഥയും കണക്കിലെടുത്ത് എന്‍റെ പരാതി ഞാൻ പിൻവലിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റൊരു സ്ത്രീയോടും ഈ രീതിയിൽ പെരുമാറില്ല എന്ന ഉറപ്പും അധികാരികളുടെ മുന്നിൽ വെച്ച് എഴുതി വാങ്ങി. പരാതി നൽകാൻ എനിക്കു വേണ്ട മാർഗനിർദേശങ്ങൾ നൽകിയ മാധ്യമസുഹൃത്തിനും എഡിജിപി മനോജ്‌ എബ്രഹാം സാറിനും സൈബർ പൊലീസ് എസ്ഐ മണികണ്ഠൻ സാറിനും ജിബിൻ ഗോപിനാഥിനും തിരുവനന്തപുരം വനിതാ സെല്ലിലെ ഉദ്യോഗസ്ഥർക്കും ഞാൻ ആത്മാർഥമായ നന്ദി അറിയിക്കുന്നു. നന്ദി കേരള പൊലീസ്.

NB: അജിത്തിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തതാകാം എന്നഭിപ്രായപ്പെട്ട സുഹൃത്തുക്കളുടെ അറിവിലേക്ക്, അത് അയാളുടെ മനഃപൂർവ്വമായ പ്രവർത്തി ആയിരുന്നു.

click me!