
ഹിന്ദി ഒഴിവാക്കി തമിഴില്‍ സംസാരിക്കാന്‍ ഭാര്യയോട് അപേക്ഷിച്ച് എ ആര്‍ റഹ്‍മാന്‍. ചെന്നൈയിലെ ഒരു അവാര്‍ഡ് വേദിയില്‍ പങ്കെടുക്കവെയുള്ള ഇരുവരുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. റഹ്‍മാന്‍ സംസാരിച്ചതിനു ശേഷം സൈറയോട് സംസാരിക്കാന്‍ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് തമിഴില്‍ സംസാരിക്കണമെന്ന കാര്യം റഹ്‍മാന്‍ ചിരിയോടെ സൂചിപ്പിച്ചത്.
അതിനുമുന്‍പ് റഹ്‍മാന്‍ സംസാരിച്ചത് തമിഴില്‍ ആയിരുന്നു- എന്‍റെ അഭിമുഖങ്ങള്‍ വീണ്ടും കാണുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. എന്നാല്‍ ഇവള്‍ അവ വീണ്ടും വീണ്ടും ഇരുന്ന് കാണും. എന്‍റെ ശബ്ദം ഇഷ്ടമായതിനാലാണ് അത്. പിന്നാലെയാണ് സൈറയോട് സംസാരിക്കാന്‍ അവതാരക ആവശ്യപ്പെട്ടതും തമിഴില്‍ സംസാരിക്കാന്‍ റഹ്‍മാന്‍റെ അഭ്യര്‍ഥന വന്നതും. എന്നാല്‍ തമിഴ് വ്യക്തമായി സംസാരിക്കാന്‍ അറിയാത്തതിലെ നിസ്സഹായത വെളിപ്പെടുത്തിക്കൊണ്ട് ഇംഗ്ലീഷിലാണ് സൈറ സംസാരിച്ചത്.
എല്ലാവര്‍ക്കും നല്ലൊരു സായന്തനം ആശംസിക്കുന്നു. ക്ഷമിക്കണം. എനിക്ക് തമിഴില്‍ നന്നായി സംസാരിക്കാന്‍ അറിയില്ല. ഇദ്ദേഹത്തിന്‍റെ ശബ്ദമാണ് എനിക്ക് ജീവിതത്തില്‍ ഏറ്റവും ഇഷ്ടം. അതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഈ ശബ്ദവുമായി ഞാന്‍ സ്നേഹത്തില്‍ ആയിപ്പോയിട്ടുണ്ട്. അതാണ് എനിക്ക് പറയാനാവുക, സൈറ ബാനു പറഞ്ഞു. 1995 ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മക്കളാണ് ഇവര്‍ക്ക്. ഖദീജ, റഹീമ, അമീന്‍ എന്നിവര്‍.
അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് എ ആര്‍ റഹ്‍മാന്‍ സംഗീതം പകര്‍ന്നതില്‍ പുറത്തെത്താനുള്ള ശ്രദ്ധേയ ചിത്രം. പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം തിയറ്ററുകളിലെത്തുക 28 ന് ആണ്. ആദ്യ ഭാഗം വന്‍ വിജയമായിരുന്നതിനാല്‍ തന്നെ രണ്ടാം ഭാഗത്തിന് വലിയ ഓപണിംഗ് ലഭിക്കുമെന്ന് ഉറപ്പാണ്.