
കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ബോളിവുഡില്‍ തനിക്ക് അവസരങ്ങള്‍ കുറഞ്ഞുവെന്നും അതിന് വര്‍ഗീയമായ കാരണങ്ങളും ഉണ്ടാവാമെന്നുമുള്ള എ ആര്‍ റഹ്‍മാന്‍റെ അഭിപ്രായപ്രകടനം അടുത്തിടെ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിനിമാലോകത്തുനിന്ന് അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങള്‍ എത്തിയതിന് പിന്നാലെ പിന്തുണ പ്രഖ്യാപിച്ചും ആളുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനും നടനുമായ അനൂപ് ജലോട്ട. എ ആര്‍ റഹ്‍മാന്‍ പറഞ്ഞതിനോടുള്ള അഭിപ്രായ വ്യത്യാസം അറിയിച്ചുകൊണ്ടുള്ളതാണ് അനൂപ് ജലോട്ടയുടെ അഭിപ്രായ പ്രകടനം. വീഡിയോയിലൂടെയാണ് അനൂപ് ജലോട്ടയുടെ പ്രതികരണം.
“എ ആര്‍ റഹ്‍മാന്‍ നേരത്തെ ഹിന്ദുമത വിശ്വാസി ആയിരുന്നു. അതിന് ശേഷം അദ്ദേഹം ഇസ്ലാമിക വിശ്വാസത്തിലേക്ക് എത്തുകയായിരുന്നു. പ്രവര്‍ത്തന മേഖലയില്‍ ശോഭിക്കുകയും പ്രശസ്തനാവുകയും ചെയ്തു അദ്ദേഹം. ജനഹൃദയങ്ങളില്‍ സവിശേഷ സ്ഥാനം നേടുകയും ചെയ്തു അദ്ദേഹം. പക്ഷേ മുസ്‍ലിം ആയതിനാലാണ് ഈ രാജ്യത്ത് അവസരം കിട്ടാത്തതെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അദ്ദേഹം വീണ്ടും ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തുകയാണ് വേണ്ടത്. ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ വീണ്ടും സിനിമകള്‍ കിട്ടുമെന്നും അദ്ദേഹം വിശ്വസിക്കണം. അങ്ങനെയാണ് അദ്ദേഹം അര്‍ഥമാക്കിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് എന്‍റെ നിര്‍ദേശം ഇതാണ്- അദ്ദേഹം വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക. സിനിമകള്‍ വീണ്ടും കിട്ടുന്നുണ്ടോ ഇല്ലയോ എന്ന് നോക്കുക”, അനൂപ് ജലോട്ട പറഞ്ഞു.
എ ആര്‍ റഹ്‍മാന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നും അഞ്ച് വര്‍ഷം കൊണ്ട് 25 വര്‍ഷത്തിന്‍റെ ജോലി അദ്ദേഹം ചെയ്തിട്ടുണ്ടെന്നും അനൂപ് ജലോട്ട പറയുന്നു. “അതിനേക്കാള്‍ എന്താണ് വേണ്ടത്? അദ്ദേഹം ഒരുപാട് ജോലി ചെയ്തിട്ടുണ്ട്. പല ഗംഭീര പ്രോജക്റ്റുകളും അദ്ദേഹം ചെയ്തിട്ടുണ്ട്”, ഐഎഎന്‍എസിനോട് അനൂപ് ജലോട്ട പറഞ്ഞു.
ബിബിസി ഏഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റഹ്‍മാന്‍റെ പരാമര്‍ശം. കരിയര്‍ തുടങ്ങിയ 1990 കളില്‍ ബോളിവുഡില്‍ മുന്‍വിധികളെ നേരിടേണ്ടിവന്നോ എന്നായിരുന്നു ചോദ്യം. “അത്തരം കാര്യങ്ങളൊന്നും ചിലപ്പോള്‍ എനിക്ക് അറിയാന്‍ കഴിയുന്നുണ്ടാവില്ല. ചിലപ്പോള്‍ ദൈവം എന്നിലേക്ക് അത്തരം കാര്യങ്ങള്‍ എത്തിക്കുന്നുണ്ടാവില്ല. അത്തരം കാര്യങ്ങളൊന്നും എനിക്ക് നേരിട്ട് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പക്ഷേ കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ഒരുപക്ഷേ അത്തരം കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. കാരണം ഒരു അധികാരമാറ്റം സംഭവിച്ചിട്ടുണ്ട്. സര്‍ഗാത്മകതയില്ലാത്തവരാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന് ഒരു വര്‍ഗീയമായ ഒരു മാനവും ഉണ്ടായിരിക്കാം. പക്ഷേ എന്‍റെ മുഖത്ത് നോക്കി അത്തരം കാര്യങ്ങള്‍ ആരും പറഞ്ഞിട്ടില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് കേട്ടിട്ടുള്ളത്. അവര്‍ നിങ്ങളെ തീരുമാനിച്ചു. പക്ഷേ മ്യൂസിക് കമ്പനി അവരുടെ അഞ്ച് സംഗീത സംവിധായകരെ വേണമെന്ന് പറഞ്ഞു എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറയും, അത് നന്നായി. എനിക്ക് കുടുംബത്തോടൊപ്പം സമയം ചെലവിടാമല്ലോ എന്ന്”, എ ആര്‍ റഹ്‍മാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ