Ariyippu Movie : ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് 'അറിയിപ്പ്'; ഒരു മലയാള ചിത്രം ആദ്യം

Published : Jul 06, 2022, 05:03 PM IST
Ariyippu Movie : ലൊക്കാര്‍ണോ ചലച്ചിത്രോത്സവത്തിലെ മത്സര വിഭാഗത്തിലേക്ക് 'അറിയിപ്പ്'; ഒരു മലയാള ചിത്രം ആദ്യം

Synopsis

ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനറില്‍ എത്തുന്ന ചിത്രം

ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്ര മേളകളില്‍ ഒന്നായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക് (Locarno Film Festival) ഒരു മലയാള ചലച്ചിത്രം. കുഞ്ചാക്കോ ബോബനെ (Kunchacko Boban) നായകനാക്കി മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന അറിയിപ്പ് (Ariyippu) എന്ന ചിത്രമാണ് 75-ാമത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ ഒരു ചിത്രം എത്തുന്നത്.

ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിലെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചു. ഇത് വ്യക്തിപരമായി ഒരു അംഗീകാരമായി കരുതുന്നുവെന്നും തന്‍റെ മുത്തച്ഛനും അച്ഛനുമുള്ള ആദരവാണെന്നും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ചിത്രത്തിന്‍റെ രചയിതാവും സംവിധായകനും സഹനിര്‍മ്മാതാവും സുഹൃത്തുമായ മഹേഷ് നാരായണനും നിര്‍മ്മാണ പങ്കാളി ഷെബിന്‍ ബെക്കറിനും നന്ദിയും അറിയിച്ചിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍.

മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ നാലാമതായി എത്തുന്ന ചിത്രമാണ് അറിയിപ്പ്. ടേക്ക് ഓഫ്, മാലിക്, സി യു സൂണ്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. ദിവ്യപ്രഭയാണ് അറിയിപ്പിലെ നായിക. നോയിഡയിലെ ഒരു ഫാക്റ്ററിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് ചിത്രം.

ALSO READ : ഷാരൂഖ് ഖാന്‍റെയും പ്രതിനായകനാവാന്‍ വിജയ് സേതുപതി; സമീപിച്ചിരിക്കുന്നത് 'ജവാന്' വേണ്ടി

നേരത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്‍ത നിഴല്‍ക്കുത്ത് ലൊക്കാര്‍ണോ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് മത്സര വിഭാഗത്തില്‍ ആയിരുന്നില്ല. മറിച്ച് സ്പെഷല്‍ ഷോകേസ് വിഭാഗത്തിലായിരുന്നു. ഋതുപര്‍ണ്ണ ഘോഷ് സംവിധാനം ചെയ്‍ത ബംഗാളി ചിത്രം അന്തര്‍മഹല്‍ ലൊക്കാര്‍ണോ ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ