അല്ലു അര്‍ജുന്‍റെ പുഷ്പ 2ലും സേതുപതിക്ക് വില്ലന്‍ വേഷമാണ്
ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്ക് പാന്‍ ഇന്ത്യ റിലീസ് ലഭിച്ചതും ഒടിടി പ്ലാറ്റ്‍ഫോമുകളുടെ കടന്നുവരവും അഭിനേതാക്കള്‍ക്ക് ഭാഷാതീതമായ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. തമിഴിനു പുറത്ത് ഒരുപാട് ചിത്രങ്ങള്‍ ചെയ്‍തിട്ടില്ലെങ്കിലും എല്ലാ ഭാഷകളിലെയും സിനിമാപ്രവര്‍ത്തകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമിടയില്‍ ബഹുമാനം നേടിയിട്ടുള്ള നടനാണ് വിജയ് സേതുപതി. നായകനാവുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസില്‍ ചലനമുണ്ടാക്കാതെ പോവുമ്പോഴും സൂപ്പര്‍താര ചിത്രങ്ങളില്‍ വിജയ് സേതുപതി കൂടിയെത്തുമ്പോള്‍ ആ പ്രോജക്റ്റിന് ഉണ്ടാവുന്ന പകിട്ട് ചെറുതല്ല. മാസ്റ്റര്‍, വിക്രം എന്നിവയാണ് അതിന്‍റെ സമീപകാല ഉദാഹരണങ്ങള്‍. വിക്രത്തിന്‍റെ വിജയത്തിനു പിന്നാലെ അല്ലു അര്‍ജുന്‍റെ പുഷ്പ 2ലും വിജയ് സേതുപതി (Vijay Sethupathi) അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പ്രതിനായക വേഷമാണ് അതും. ഇപ്പോഴിതാ ഒരു സൂപ്പര്‍താര ബോളിവുഡ് ചിത്രത്തിലും സേതുപതി വില്ലന്‍ വേഷത്തിലെത്താനുള്ള സാധ്യതയെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വരുന്നു.
ഷാരൂഖ് ഖാനെ (Shahrukh Khan) നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന്‍ (Jawan) എന്ന ചിത്രത്തിലേക്കാണ് വിജയ് സേതുപതിയെ അഭിനയിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. വില്ലന്‍ വേഷമാണ് ഇത്. ചിത്രത്തിനെക്കുറിച്ചും അതിലെ റോളിനെക്കുറിച്ചുമൊക്കെ വിശദീകരിച്ചെങ്കിലും വിജയ് സേതുപതി ഇതുവരെ സമ്മതം മൂളിയിട്ടില്ലെന്ന് ചിത്രവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് കാരണം. ഇതില്‍ ഒരു തീരുമാനം ആവുന്നപക്ഷം വിജയ് സേതുപതി ചിത്രത്തില്‍ അഭിനയിക്കും. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമായ ജവാനിലേക്ക് വിജയ് സേതുപതി കൂടി എത്തുന്നപക്ഷം അത് തെന്നിന്ത്യന്‍ പ്രേക്ഷകരില്‍ സ്വീകാര്യത കൂട്ടാന്‍ ഇടയാക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ ചിന്ത.
ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ജവാന്‍റെ റിലീസ് തീയതി 2023 ജൂണ്‍ 2 ആണ്. ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിംഗ് ഖാന്‍ ചിത്രത്തിലെത്തുന്നത് ഇരട്ട വേഷത്തിലാണെന്നാണ് പുറത്തെത്തിയ വിവരം. 'റോ'യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് നയന്‍താരയുടെയും കഥാപാത്രം. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഗൌരി ഖാന്‍ ആണ് നിര്‍മ്മാണം.
